
കൊച്ചി: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ടോയ്‌ലെറ്റ് പൊതുഉപയോഗത്തിന് 24 മണിക്കൂറും തുറന്നിടണമെന്ന ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭേദഗതി വരുത്തി. പമ്പ് പ്രവർത്തിക്കുന്ന സമയത്ത് മാത്രം ടോയ്‌ലെറ്റ് ലഭ്യമാക്കിയാൽ മതി. ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം. ഹൈവേകളിൽ ടോയ്‌ലെറ്റുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ദേശീയാപാത അതോറിറ്റിയുടെ ഉത്തരവാദിത്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
പെട്രോളിയം ട്രേഡേഴ്‌സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയാണ് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകിയത്. എല്ലാ പമ്പും 24 മണിക്കൂറും പ്രവർത്തിക്കുന്നില്ല. പ്രവർത്തന സമയത്തിന് ശേഷവും ടോയ്‌ലെറ്റ് സൗകര്യം ലഭ്യമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
ദേശീയപാതയിൽ അല്ലാത്ത പമ്പുകളിലെ ടോയ്‌ലെറ്റുകളു യാത്രക്കാർക്കും ലഭ്യമാക്കണം. എന്നാൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ നൽകുന്നതിൽ പമ്പുടമയ്‌ക്ക് തീരുമാനമെടുക്കാം. വിദേശരാജ്യങ്ങളിലെ പ്രധാന പാതകളിൽ ടോയ്‌ലെറ്റ് സൗകര്യം ലഭ്യമാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് , ദേശീയാപാത അതോറിറ്റിക്ക് ചുമതലയുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചത്.