ആലുവ: രാത്രി ഒമ്പത് മണിമുതൽ പുലർച്ചെ ആറ് വരെ ദേശീയപാത വഴി പോകുന്ന കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസുകളും ആലുവ സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന ഹൈക്കോടതിയുടെയും കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറുടെയും ഉത്തരവുകൾ ഒരു വിഭാഗം ജീവനക്കാർ ലംഘിക്കുന്നതായി പരാതി.

ഇതേതുടർന്ന് പല ദിവസങ്ങളിലും രാത്രിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ബൈപ്പാസിൽ ബസിറങ്ങി രണ്ട് കിലോമീറ്റർ അകലെയുള്ള സ്റ്റാൻഡിലേക്ക് നടക്കേണ്ട അവസ്ഥയാണ്. ഇതിന്റെ പേരിൽ പലപ്പോഴും തർക്കവും ബഹളവും പതിവാണ്. യാത്രക്കാർ പരാതി നൽകാൻ തയ്യാറാവാത്തതാണ് ബസ് ജീവനക്കാരുടെ ധിക്കാരത്തിന് കാരണം. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനും കെ.എസ്.ആർ.ടി.സി സ്റ്റാൻഡുമാണ് ആലുവയിലേത്. പകൽ സമയങ്ങളിൽ ഫാസ്റ്റ്, ഓർഡിനറി ബസുകൾ മാത്രമാണ് സ്റ്റാൻഡിൽ പ്രവേശിക്കുന്നത്. ഈ സമയങ്ങളിൽ സൂപ്പർ ഫാസ്റ്റ്, ഡീലക്സ്, സ്വിഫ്റ്റ് ബസുകൾ സ്റ്റാൻ‌ഡിൽ കയറിയില്ലെങ്കിലും യാത്രക്കാരെ കാര്യമായി ബാധിക്കുന്നില്ല. മറ്റ് ബസുകളിലോ ഓട്ടോറിക്ഷകളിലോ ആവശ്യക്കാർക്ക് സ്ഥലത്തെത്താം.

ജീവനക്കാരനെയും ഇറക്കി വിട്ടു

ഇന്നലെ പുലർച്ചെ 12.30ഓടെ ആലുവയിലെത്തിയ പാറശാല ഡിപ്പോയിൽ നിന്ന് പാലക്കാടേക്ക് പോയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ നിന്നും ചേർത്തല ഡിപ്പോയിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരനെയും ഇറക്കി വിട്ടു. എം.ഡിയുടെ ഉത്തരവിനെക്കുറിച്ചും കോടതി ഉത്തരവിനെക്കുറിച്ചുമെല്ലാം ഡ്രൈവറോട് സൂചിപ്പിച്ചിങ്കിലും ഫലമുണ്ടായില്ല. സമയമില്ലെന്ന കാരണം പറഞ്ഞ് ഇറക്കി വിടുകയായിരുന്നു. സംഭവത്തെ കുറിച്ച് ആലുവ സ്വദേശിയായ ജീവനക്കാരൻ പാറശാല ഡിപ്പോയിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.

ജനപ്രതിനിധികൾ ഇടപെടണം

രാത്രികാലങ്ങളിൽ യാത്രക്കാരെ ബൈപ്പാസിൽ ഇറക്കിവിടുന്ന കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് ആവശ്യം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ജനപ്രതിനിധികൾ ആവശ്യമായ ഇടപെടൽ നടത്തുകയാണ് വേണ്ടതെന്നും യാത്രക്കാർ പറയുന്നു.