കിഴക്കമ്പലം: വാഴക്കുളം ബ്ളോക്ക് പഞ്ചായത്തിൽ ഭവന നിർമ്മാണത്തിനായി വഴിയില്ലാത്ത ഭൂമി അമിതവിലയ്ക്ക് നൽകി പട്ടികജാതി വിഭാഗങ്ങളെ കബളിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഒ.ആർ. കേളു നിയമസഭയെ അറിയിച്ചു. അൻവർ സാദത്ത് എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഭൂമി ഇടപാടുകൾ നടത്താൻ കൂട്ടുനിന്ന അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽപ്പെട്ട പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങളെയും കൂട്ടുനിന്ന ആളുകളെയും ആധാരം രജിസ്​റ്റർ ചെയ്ത സബ് രജിസ്ട്രാർ ഉദ്യോഗസ്ഥരെയും ആധാരം തയ്യാറാക്കിയവരെയും ഉൾപ്പെടുത്തി നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു എം.എൽ.എ ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം വാഴക്കുളത്ത് ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.