വൈപ്പിൻ: വല്ലാർപാടം മേൽപ്പാലത്തിലെ കുഴികൾ നികത്തണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മുതൽ ഫ്രാഗിന്റെ നേതൃത്വത്തിൽ ദേശീയപാത അതോറിട്ടി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.
ഗോശ്രീ റൂട്ടിൽ കണ്ടെയ്‌നർ ടെർമിനലിലെ പ്രധാന ഗേറ്റിന് മുന്നിലാണ് എൻ.എച്ച്.എ.ഐയുടെ മേൽപ്പാലം. മേൽപാലത്തിലെ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് പലയിടത്തും അപകടകരമായ കുഴികൾരൂപം കൊണ്ടിട്ട് മാസങ്ങളായി. ചെറു വാഹനങ്ങൾ ഈ കുഴികളിൽ വീണ് നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നു. ഇക്കഴിഞ്ഞ ദിവസം രണ്ട് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഒരപകടത്തിൽ ഒരു കുടുംബം മുഴുവൻ ആശുപത്രിയിലായി. മറ്റൊന്നിൽ രണ്ട് വനിതകൾക്കും പരിക്കേറ്റു.
പാലം നിർമ്മിച്ചത് പോർട്ട്ട്രസ്റ്റ് ആണെങ്കിലും ഇപ്പോൾ ദേശീയപാത അതോറിറ്റിയുടെ ഉടമസ്ഥതയിലാണ്.
ഇന്ന് നടക്കുന്ന ധർണയിൽ കുഴികളിൽ വീണ് പരിക്കേറ്റവരും അവരുടെ ബന്ധുക്കളും വൈപ്പിൻ കരയിലെ റെസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകരും പങ്കെടുക്കമെന്ന് ഫ്രാഗ് ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് പറഞ്ഞു.