പെരുമ്പാവൂർ: പെരിയാർവാലി കനാലിൽ വെള്ളം തുറന്നു വിടുവാൻ ഒന്നര മാസം മാത്രം ബാക്കി നിൽക്കെ ഇനിയും മുന്നൊരുക്കങ്ങൾ ആരംഭിക്കാതെ ജലസേചന വകുപ്പ്. പെരുമ്പാവൂർ മേഖലയിലെ നെല്ല്, വാഴ, ജാതി, കവുങ്ങ്, പച്ചക്കറികൾ തുടങ്ങിയ കൃഷികൾക്കും കൂടാതെ നൂറുകണക്കിന് കിണറുകളും കുളങ്ങളും ചിറകൾക്കും ഉറവ് ലഭിക്കുന്നതും പെരിയാർവാലി കനാലിലൂടെയാണ്.
ഇലക്ഷൻ ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് കാട് വെട്ടുന്നതടക്കമുള്ള ശുചീകരണത്തിനും മറ്റ് പണികൾക്കുമുള്ള നടപടിയുണ്ടായില്ലെങ്കിൽ കുടിവെള്ളത്തിന് പോലും ജനങ്ങൾ ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് നീങ്ങും. വേനൽ വരുന്നതിന് മുമ്പ് തത്കാലത്തേക്കെങ്കിലും കനാലിന്റെ കേടുപാടുകൾ തീർക്കാനുള്ള ഫണ്ട് അനുവദിച്ച് വെള്ളം തുടർന്ന് വിടാനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം കർഷകർ മേഖലയിലെ ജനങ്ങൾ ഒട്ടാകെയും പ്രതിസന്ധിയിലാകും. ജില്ലയിൽ പെരുമ്പാവൂർ മേഖല ഒഴികെയുള്ള മറ്റു പഞ്ചായത്തുകളെല്ലാം കാട് വെട്ടി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
വേനൽ കടക്കുന്നതിനുമുമ്പ് വെള്ളം തുറന്നുവിടാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ ജലസേചന വകുപ്പ് പെരുമ്പാവൂർ സബ് ഡിവിഷൻ ഓഫീസിൽ എത്തി പരാതി നൽകി.
കനാലുകളിലെ കാടുവെട്ടി ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കണം. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും
ദേവച്ചൻ പടയാട്ടിൽ,
ലിഷ രാജേഷ്
ബി.ജെ.പി