പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനിൽ മഹാസമാധിദിനാചരണത്തോടനുബന്ധിച്ചു നടക്കുന്ന ഉപവാസ യജ്ഞാരംഭത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള ദീപ പ്രൊജ്ജ്വലനവും ഉദ്ഘാടനവും സെപ്തംബർ 21 ന് രാവിലെ 10.30-ന്പ്രശസ്ത സിനിമാ താരം എം.വി. ദേവൻ നിർവഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ എം.എൽ.എ.മാരായ എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, പി.വി. ശ്രീനിജിൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.എൻ. സദാശിവൻ, കെ.കെ.അനിൽ, സുനിൽ പാലിശേരി, ജയൻപാറപ്പുറം, വിപിൻ കോട്ടക്കുടി, ബിജു വിശ്വനാഥൻ എന്നിവർ സംസാരിക്കും. സമാധിദിനാചരണത്തിന്റെ ഭാഗമായി യൂണിയൻ ആസ്ഥാനത്ത് രാവിലെ 8.30 മുതൽ വൈകിട്ട് മൂന്നു വരെ ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി. വി. ഷിബുവിന്റെ മുഖ്യ കാർമ്മികത്വത്തിലും കുന്നത്തുനാട് യൂണിയൻ വൈദിക യോഗത്തിന്റെയും നേതൃത്വത്തിൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതി പാരായണം, ഭജന എന്നീ ചടങ്ങുകളും നടക്കും.