u
ആമ്പല്ലൂർ മിൽമ ജംഗ്ഷന് സമീപത്തെ പൊതുമരാമത്ത് പുറമ്പോക്കിൽ ഗാന്ധി പ്രതിമ സ്ഥാപിക്കാനായി തറ നിർമ്മിച്ച നിലയിൽ

ആമ്പല്ലൂർ: അനുമതിയില്ലാതെ പൊതുമരാമത്ത് പുറമ്പോക്ക് ഭൂമിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞ് പൊതുമരാമത്ത് വകുപ്പ്. കോൺഗ്രസിന്റെ പോഷക സംഘടനയായ ഗാന്ധിദർശൻ വേദി പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആമ്പല്ലൂർ മിൽമ ജംഗ്ഷന് സമീപം നടത്തിയ നിർമ്മാണമാണ് തടഞ്ഞത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ഹരിയുടെ പരാതിയെ തുടർന്നാണ് സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്റ്റോപ്പ് മെമ്മോ നൽകിയത്.

ആമ്പല്ലൂർ കാഞ്ഞിരമറ്റം റോഡിനോട് ചേർന്ന് പഞ്ചായത്ത് നടപ്പാക്കിയ സ്നേഹാരാമ പദ്ധതിക്ക് സമീപം പ്രതിമ സ്ഥാപിക്കാനുള്ള തറയുടെ നിർമ്മാണം ബുധനാഴ്ചയാണ് നടന്നത്. ഗാന്ധിയുടെ അർദ്ധകായ പ്രതിമ 22ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അനാച്ഛാദനം ചെയ്യുമെന്ന നോട്ടീസ് പ്രചരിച്ചതോടെയാണ് പാർട്ടി പ്രാദേശിക നേതൃത്വം സംഭവം അറിയുന്നത്. കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റിയുടെ അനുമതിയില്ലാതെ നിർമ്മാണവും പണപ്പിരിവും നടന്നതെന്ന് ആരോപിച്ച് സംഭവത്തിൽ ഡി.സി.സി പ്രസിഡന്റിന് ബ്ലോക്ക് പ്രസിഡന്റ് പരാതി നൽകുകയും ചെയ്തു.

എന്നാൽ പ്രതിമ സ്ഥാപിക്കാൻ രണ്ടുമാസം മുമ്പ് തന്നെ അപേക്ഷ നൽകിയിരുന്നുവെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ അളന്നു നൽകിയ സ്ഥലത്താണ് നിർമ്മാണം നടത്തിയതെന്നും ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ലാദ് അറിയിച്ചു. ഗാന്ധി പ്രതിമ സ്ഥാപിക്കാനായി ലഭിച്ച അപേക്ഷ എൻ.ഒ.സി ലഭിക്കാനായി അയച്ചിരിക്കുകയാണെന്നാണ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയറുടെ വിശദീകരണം. എന്നാൽ എൻ.ഒ.സി നൽകുന്നതിന് മുൻപ് നിർമ്മാണം നടത്തുകയായിരുന്നു.