നെടുമ്പാശേരി: ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ 22 മുതൽ ഒക്ടോബർ രണ്ട് വരെയുള്ള നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

29നാണ് പൂജവയ്പ്പ്. മഹാനവമി ഒക്ടോബർ ഒന്നിനും വിജയദശമി രണ്ടിനുമാണ്. വിജയദശമി ദിനത്തിൽ 1200 കുട്ടികൾക്ക് വിദ്യാരംഭം നടത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ബുക്ക് ചെയ്യാം.

ബുക്കിംഗ് ഇല്ലാതെയും വിദ്യാരംഭം ചെയ്യുവാൻ സാധിക്കും. അദ്ധ്യാപകരും, പണ്ഡിത ശ്രേഷ്ഠരും, കലാകാരന്മാരും അടങ്ങിയ 15 ഓളം ആചാര്യന്മാർ ഉണ്ടായിരിക്കും.

22ന് വൈകിട്ട് തന്ത്രി നാരായണമംഗലത്ത് ഗോവിന്ദൻ നമ്പൂതിരി 34 -ാമത് നവരാത്രി ക്ലാസിക്കൽ നൃത്തസംഗീതോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് വീണാ വാദനത്തോടെ സംഗീതോത്സവത്തിന് തുടക്കമാകും. മൂഴിക്കുളം ഹരികൃഷ്ണൻ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അരങ്ങേറും.

11 ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ വിവിധ സംഗീതനൃത്ത വിദ്യാലയങ്ങൾ, അൻപതോളം പ്രഫഷണൽ കലാകാരന്മാർ പങ്കെടുക്കും. 600 കുട്ടികൾക്ക് സംഗീതാരാധനയും നൃത്താരാധനയും അരങ്ങേറ്റവും ഉണ്ടാകും. 29ന് വൈകിട്ട് ഉദയനാപുരം ഹരിയുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അരങ്ങേറും. ഒക്ടോബർ രണ്ടിന് വൈകിട്ട് പഞ്ചരത്‌നകീർത്തനത്തോടെ ക്ലാസിക്കൽ നൃത്തസംഗീതോത്സവം സമാപിക്കും.

വിശാലമായ പന്തൽ സംവിധാനവും ക്യൂ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി ഭക്തജനങ്ങൾക്ക് പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ലക്ഷാർച്ചനയും ദുർഗാ പൂജയും മഹാ സരസ്വതി പൂജയും ഉണ്ടായിരിക്കും.