പറവൂർ: കുഡുംബി സേവാസംഘം 61-ാമത് സംസ്ഥാന സമ്മേളനം നാളെ പറവൂർ ടൗൺ ഹാളിൽ നടക്കും. രാവിലെ 10ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ.എസ്. ശ്യാംകുമാർ അദ്ധ്യക്ഷനാകും. ഗോവ യുവജന, കലാ സാംസ്കാരിക വകുപ്പ് മന്ത്രി ഡോ. രമേശ് തവാഡർ മുഖ്യാതിഥിയാകും. ജനറൽ സെക്രട്ടറി ടി.എസ്. ശരത്‌കുമാർ, വൈസ് പ്രസിഡന്റ് കെ.ആർ. ജയപ്രസാദ് തുടങ്ങിയവർ സംസാരിക്കും.

രാവിലെ 8ന് പ്രഥമസംസ്ഥാന പ്രസിഡന്റ് വി.ആർ. നാരായണന്റെ വരാപ്പുഴയിലെ വസതിയിൽനിന്ന് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ. സുരേഷ് നയിക്കുന്ന പതാക, ദീപശിഖാജാഥ സമ്മേളനനഗരിയിൽ എത്തിച്ചേരും. സമുദായാചാര്യൻ ഗാന്ധികൃഷ്ണനെക്കുറിച്ച് കൊങ്കണി സാഹിത്യ അക്കാഡമി മെമ്പർ സെക്രട്ടറി ഡി.ഡി. നവീൻകുമാർ എഴുതിയ 'ചരിത്രം ആചാര്യനെ കണ്ടെത്തുന്നു" എന്ന പുസ്തകം പ്രകാശിപ്പിക്കും. ഉന്നതവിജയംനേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡും കലാ- കായിക രംഗങ്ങളിലെ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും.