land
കണയന്നൂർ തഹസിൽദാർ ഡി വിനോദിന്റെ നേതൃത്വത്തിൽ കയ്യേറ്റ ഭൂമി പരിശോധിക്കുന്നു

കാക്കനാട്: ഭൂമാഫിയ കൈയേറിയ കാക്കനാട് ടി.വി സെന്റർ ഡി.എൽ.എഫ് ഫ്ലാറ്റ് സമുച്ചയത്തിന് സമീപം സീപോർട്ട് എയർപോർട്ട് റോഡിനോട് ചേർന്ന് കിടക്കുന്ന 20 കോടി രൂപയോളം വിലമതിക്കുന്ന അര ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. കാക്കനാട് വില്ലേജ് ബ്ലോക്ക് നമ്പർ 9ൽ റിസർവേ നമ്പർ 365/1 ൽപ്പെട്ട സ്ഥലമാണ് ഒഴിപ്പിച്ചത്.

സി.പി.ഐ തൃക്കാക്കര ഈസ്റ്റ് ലോക്കൽ സെക്രട്ടറി പ്രമേഷ് വി. ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ പുറമ്പോക്ക് സ്ഥലം വേലികെട്ടി മറിച്ചിരുന്നു. സ്ഥലത്തെ ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തിക്കൊണ്ടു പോവുകയും ചെയ്തു.

ഇവിടെ മരം മുറിക്കുന്നതും ജെ.സി.ബി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കിയതും മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയെന്നാണ് കൈയേറ്റക്കാർ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ പ്രമേഷ് വി. ബാബു റവന്യൂ ഓഫീസുകളിൽ അന്വേഷിച്ചപ്പോൾ മെട്രോ നിർമ്മാണ പ്രവർത്തനത്തിന് ഭൂമി കൈമാറിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്നാണ് അദ്ദേഹം രേഖാമൂലം പരാതി നൽകിയതും റവന്യൂ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി ഭൂമി ഒഴിപ്പിച്ചതും. ഇവിടെയുണ്ടായിരുന്ന ജെ.സി.ബി പോലീസിന് കൈമാറി.

കണയന്നൂർ താലൂക്ക് തഹസിൽദാർ ഡി. വിനോദ്, ഡെപ്യൂട്ടി തഹസിൽദാർ ബിനോ തോമസ്, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

സർക്കാർ ഭൂമി അന്യാധീനപ്പെട്ടു പോകാതെ സംരക്ഷിക്കും. സർക്കാർ പദ്ധതികൾക്കായി ഭൂമി ഉപയോഗിക്കും. മരം മുറിച്ചു കടത്തിയവർക്കെതിരെ നടപടി സ്വീകരിക്കും

ഡി. വിനോദ്

തഹസിൽദാർ

സർക്കാർ ഭൂമി അനധികൃതമായി കൈയേറി മരങ്ങൾ മുറിച്ചു മാറ്റിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം. മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകും

പ്രമേഷ് വി. ബാബു

സി.പി.ഐ

ലോക്കൽ സെക്രട്ടറി