
മൂവാറ്റുപുഴ: കാന നിർമാണത്തിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്ത് മാറ്റുന്നതിനിടെ കച്ചേരിത്താഴത്ത് കൂറ്റൻ പൈപ്പ് പൊട്ടി നഗരസഭ പരിധിയിൽ കുടിവെള്ള വിതരണം തടസപ്പെട്ടു.
പൈപ്പിൽ നിന്ന് ശക്തിയിൽ വെള്ളം പുറത്തേക്കൊഴുകി കുഴി നിറയെ വെള്ളം നിറഞ്ഞതോടെ കാവുംപടി റോഡിലേക്കുള്ള പ്രവേശന ഭാഗം തോടുപോലെയായി. തുടർന്ന് പൈപ്പിലൂടെയുള്ള ജലവിതരണം നിറുത്തിവയ്ക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കുമെന്നും രാത്രിയോടെ ജല വിതരണം പുനസ്ഥാപിക്കാൻ സാധിക്കുമെന്നും ജല അതോറിട്ടി അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു.
ഏതാനും മാസം മുമ്പാണ് ഇതിലൂടെ പുതിയ കൂറ്റൻ പൈപ്പ് സ്ഥാപിച്ചത്. ഈ പൈപ്പാണ് പൊട്ടിയിരിക്കുന്നത്. കാനയുടെ നിർമ്മാണവും നിലച്ചു.