ചോറ്റാനിക്കര: തീർത്ഥാടന കേന്ദ്രമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. നവരാത്രി ഉദ്ഘാടന സമ്മേളനം ജസ്റ്റിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് അംഗം കെ. പി. അജയൻ അദ്ധ്യക്ഷത വഹിക്കും. എം. ജി. രാജമാണിക്യം മുഖ്യാതിഥിയാകും. 11 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ ഇത്തവണ മൂന്നു വേദികളിലായി പ്രമുഖരുടേതടക്കം 500ലധികം കലാവിരുന്ന് അരങ്ങേറും. ദുർഗാഷ്ടമി ദിനത്തിൽ ജയറാമിന്റെ നേതൃത്വത്തിലുള്ള പവിഴമല്ലിത്തറമേളം നടക്കും. നടി ആശാ ശരത്തിന്റെ നൃത്താവിഷ്കാരം ആശാനടനം 29ന് വൈകിട്ട് ആറിന് നടക്കും.

29ന് വൈകിട്ട് നാലിന് പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ പൂജ വയ്ക്കും. മഹാനവമി ദിനമായ ഒന്നിന് രാവിലെ 9ന് പെരുവനം കുട്ടൻ മാരാരുടെ മേളത്തോടെ മൂന്ന് ഗജവീരന്മാരോട് കൂടിയുള്ള ശീവേലിയും നടക്കും. ഒക്ടോബർ രണ്ടിന് രാവിലെ എട്ടരയ്ക്ക് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും.