കൊച്ചി: മഹാരാജാസ് കോളേജിലെ അപകടത്തിലായ നാല് ക്ലാസ് മുറികൾ പൂർണമായി നവീകരിക്കുന്നതിന് അനുവദിച്ചത് എട്ട് ലക്ഷം രൂപ മാത്രം. മലയാളം, സംസ്‌കൃതം എച്ച്.ഒ.ഡിമാരുടെ മുറികൾ, ഇരു വിഭാഗങ്ങളിലെയും രണ്ട് ക്ലാസ് റൂമുകൾ, സ്റ്റാഫ് റൂം എന്നിവ പൂർണമായും നവീകരിക്കുന്നതിനാണ് നാമമാത്രമായ തുക അനുവദിച്ചത്. ദിവസങ്ങൾക്ക് മുൻപ് മേൽക്കൂര ഭാഗികമായി ഇടിഞ്ഞുവീണ ക്ലാസ് മുറി ഉൾപ്പെടെയാണ് നവീകരിക്കുന്നത്. ഈ മുറികളുടെ മുകൾ നിലയിലെ ടോയ്‌ലെറ്റുകൾ പൊളിച്ചു നീക്കിയേക്കും.

നവീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി വിദ്യാർത്ഥികളെ ഇരു ക്ലാസ് റൂമുകളിൽ നിന്ന് ഒഴിപ്പിച്ചു. മലയാളം, സംസ്‌കൃതം വിഭാഗങ്ങളിലെ അദ്ധ്യാപകരോടും സ്റ്റാഫ് റൂമിൽ നിന്ന് ഒഴിയണമെന്നും മലയാളം ഹാളിലേക്ക് മാറണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മേൽക്കൂര ഇടിഞ്ഞുവീണ ക്ലാസ് മുറിയിൽ നിന്ന് കുട്ടികളെ ആദ്യം ഒഴിപ്പിച്ചെങ്കിലും പിന്നീട് വീണ്ടും ഇവരെ ഇതേ ക്ലാസ് മുറികളിലേക്ക് കൊണ്ടുവന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഒഴിപ്പിച്ചത്. നേരത്തെ, ആദ്യഘട്ടത്തിൽ ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗങ്ങൾ ചേരുന്ന ഇടങ്ങളിലെ കെട്ടിട ഭാഗങ്ങൾ നവീകരിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി 24 ലക്ഷംരൂപയും അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെ നവീകരണ ജോലികൾ ആരംഭിച്ചില്ല.


ശൗചാലയ നിർമ്മാണം അനധികൃതം

വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളിലെ ഒന്നാം നിലയുടെ മേൽക്കൂരകളിലുള്ള തടിയുടെ മുകളിൽ കോൺക്രീറ്റ് ചെയ്ത ശേഷമാണ് അറ്റാച്ച്ഡ് ബാത്ത്റൂമുകൾ പലകാലങ്ങളിലായി സജ്ജമാക്കിയത്. ഇത്തരത്തിൽ തടിയുടെ മുകളിൽ ശൗചാലയ നിർമ്മാണം നടത്തുന്നത് അശാസ്ത്രീയമാണെന്നും ഇതാണ് ചോർച്ചയ്ക്കും ഭിത്തികൾ ഇടിയുന്നതിനും കാരണമെന്നും ആക്ഷേപമുണ്ട്.


പി.ഡബ്ല്യു.ഡി മുന്നറിയിപ്പ് അവഗണിച്ചു

പലവട്ടം ക്ലാസ് റൂമുകളിൽ പരിശോധന നടത്തിയ പി.ഡബ്ല്യു.ഡി അധികൃതർ ഭിത്തികളും മേൽക്കൂരയും അപകടാവസ്ഥയിലാണെന്നും കുട്ടികളെ ഉൾപ്പെടെ മാറ്റണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവഗണിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് ഒരു ക്ലാസ്‌മുറിയുടെ മേൽക്കൂര ഇടിഞ്ഞു വീണത്. ഇതിനുശേഷം പി.ഡബ്ല്യു.ഡി അധികൃതർ വീണ്ടും ഇവിടെ പരിശോധന നടത്തുകയും നാല് ക്ലാസ് റൂമുകളും സ്റ്റാഫ് റൂമും പൂട്ടിയിടണമെന്നും നിർദ്ദേശം നൽകുകയായിരുന്നു.

ഒന്നാം നിലയിലെ സ്റ്റാഫ് ഡൈനിംഗ്, വാഷ്‌ബേസിൻ, ബാത്‌റൂം എന്നിവയുടെ പ്രവർത്തനമാണ് ഇടിഞ്ഞുവീഴലിന് കാരണമെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി. ഇതേത്തുടർന്നാണ് അതിവേഗത്തിലുള്ള നവീകരണത്തിന് കോളേജ് ഒരുങ്ങുന്നത്.