1
ജപ്തി ഭീഷണി നേരിടുന്ന വീട്ടമ്മയ്ക്ക് സഹായവുമായി മുകേഷ് ജൈൻ എത്തിയപ്പോൾ

പള്ളുരുത്തി: പെരുമ്പടപ്പ് കോണത്ത് സ്വകാര്യ പണമിടപാട് സ്ഥാപനം വീട് താഴിട്ട് പൂട്ടിയ സംഭവത്തിൽ ജപ്തി ഭീഷണി നേരിടുന്ന വിധവയായ വീട്ടമ്മ സജിതയ്ക്ക് സഹായവുമായി ജീവകാരുണ്യ പ്രവർത്തകനായ മുകേഷ് ജെയിൻ എത്തി. വാർത്ത ശ്രദ്ധയിൽപ്പെട്ട മുകേഷ് ജെയിൻ കൗൺസിലർ അഭിലാഷ് തോപ്പിലിനോട് വീട്ടുകാരുടെ വിവരം അന്വേഷിക്കുകയും ജപ്തി നടപടി ഒഴിവാക്കുന്നതിന് ആദ്യ സഹായമായി 25,000 രൂപ കൈമാറുകയും ചെയ്തു. ബുധനാഴ്ചയാണ് എറണാകുളത്ത് പ്രവർത്തിക്കുന്ന ആധാർ ഹൗസിംഗ് ഫിനാൻസ് കമ്പനി എന്ന സ്ഥാപനം വീട്ടുകാരില്ലാത്ത സമയം കുട്ടിയുടെ മരുന്ന് പോലും എടുക്കാൻ സമ്മതിക്കാതെ വീട് താഴിട്ട് പൂട്ടിയത്. സംഭവമറിഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും താഴ് പൊളിച്ചുനീക്കി വീട്ടുകാരെ അകത്തു കയറ്റിയിരുന്നു. മുകേഷ് ജെയിനിനോടൊപ്പം എം. എം. സലീം, കെ.എ. അഫ്സൽ എന്നിവരുമുണ്ടായിരുന്നു. സജിതയുടെ അക്കൗണ്ട് നമ്പർ: 99980113716992, ഫെഡറൽ ബാങ്ക്, പള്ളുരുത്തി, IFSC code: FDRL0001183.