മട്ടാഞ്ചേരി: രണ്ട് ദിവസമായി 40 അടി ഉയരമുള്ള മരത്തിൽ കയറി കുടുങ്ങിപ്പോയ പൂച്ചയെ ജീവകാരുണ്യ പ്രവർത്തകൻ മുകേഷ് ജൈനിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. തോപ്പുംപടി ഹാർബറിന് എതിർവശത്തെ പേ ആൻഡ് പാർക്ക് മൈതാനത്തിനോട് ചേർന്നുള്ള വീട്ടുവളപ്പിലെ മരത്തിലാണ് നായകളുടെ ആക്രമണം ഭയന്ന് പൂച്ച ഓടിക്കയറിയത്. സമീപത്തെ വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് മുകേഷ് ജൈനും സംഘവും വല ഉപയോഗിച്ച് പൂച്ചയെ രക്ഷപ്പെടുത്തിയത്. എം.എം. സലിം, കെ.പി. ലോറൻസ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.