
എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരുന്നു
ആലുവ: തേവക്കൽ - പുക്കാട്ടുപടി റോഡ് ബി.എം.ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കുന്നതിന് ഫണ്ട് എങ്ങനെ കണ്ടെത്താമെന്ന് പരിശോധിക്കുമെന്നുംപൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥയെയും തനിക്കെതിരെയുണ്ടായ ആരോപണങ്ങളെയും കുറിച്ച് അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
റോഡിന്റെ ജനപ്രതിനിധികൾ ആരുടെയും അനാവശ്യ വിമർശനങ്ങൾ ചെവികൊള്ളേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞു. പുക്കാട്ടുപടി - തേവക്കൽ റോഡ് തകർച്ചയുടെ പേരിൽ അൻവർ സാദത്ത് എം.എൽ.എക്കെതിരെ പോസ്റ്റർ യുദ്ധവും സമരവും നടത്തിയ ഡി.വൈ.എഫ്.ഐയെ വെട്ടിലാക്കുന്നതായിരുന്നു മന്ത്രിയുടെ മറുപടി.
റോഡ് അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ ഉൾപ്പെടെ തനിക്കെതിരെ പോസ്റ്റർ പ്രചാരണവും സമരവും നടത്തുന്നുവെന്നായിരുന്നു എം.എൽ.എയുടെ പരാതി.
എടയപ്പുറം റോഡ് ടാറിംഗ് കിൻഫ്ര പദ്ധതിക്ക് ശേഷം
ഫണ്ടനുവദിച്ചിട്ടും നിർമ്മാണം നടക്കാത്ത തോട്ടുമുഖം, എടയപ്പുറം, കൊച്ചിൻ ബാങ്ക്, കോമ്പാറ, മണലിമുക്ക് റോഡിന്റെ പുനരുദ്ധാരണം കിൻഫ്ര പദ്ധതിക്ക് ശോഷമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. എം.എൽ.എ നിർദ്ദേശിച്ച റോഡുകൾ നല്ല നിലയിൽ പരിപാലിക്കുന്ന റോഡുകളാണെന്നാണ് മന്ത്രി സഭയിൽ മറുപടി പറഞ്ഞത്. എന്നാൽ മന്ത്രിയുടെ മറുപടി സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എം.എൽ.എ ആരോപിച്ചു.
12 റോഡുകൾ പുനരുദ്ധരിക്കണം
മണ്ഡലത്തിലെ 12 റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കണമെന്ന് എം.എൽ.എ സഭയിൽ ആവശ്യപ്പെട്ടു. തേവയ്ക്കൽ പുക്കാട്ടുപടി വരെ നാല് കി.മീ തീർത്തും സഞ്ചാരയോഗ്യമല്ലാതായി. ഇതിന് 5.5 കോടി അടിയന്തരമായി അനുവദിക്കണം. തേവയ്ക്കൽ പൂക്കാട്ടുപടി റോഡിന് മുൻഗണന നൽകണം.
എസ്.പി ഓഫീസ് മുതൽ എം.ഇ.എസ് കവല വരെയുള്ള റോഡ് പുനരുദ്ധാരണത്തിന് കരാർ നൽകിയെങ്കിലും മഴയെ തുടർന്ന് ആരംഭിച്ചിട്ടില്ല. വേഗത്തിലാക്കാൻ നിർദ്ദേശം നൽകണം. എടയപ്പുറം റോഡ് കുഴിക്കാൻ കിൻഫ്രക്ക് നൽകിയ എൻ.ഒ.സി റദ്ദാക്കണം.
പുനരുദ്ധരിക്കേണ്ട റോഡുകളും ആവശ്യമായ തുകയും
ഇടപ്പള്ളി മൂവാറ്റുപുഴ റോഡ് 5.5 കോടി
എടത്തല തായ്ക്കാട്ടുകര റോഡ് 5 കോടി
തുരുത്ത് റോഡ് 4 കോടി
മംഗലപ്പുഴ പനയിത്തോട് റോഡ് 3.60 കോടി
എടത്തല പേങ്ങാട്ടുശ്ശേരി റോഡ് 3 കോടി
കാർമ്മൽ മണക്കാപ്പടി റോഡ് 3.60 കോടി
കമ്പനിപ്പടി മന്ത്രക്കല് കുന്നുംപുറം
പൈപ്പ് ലൈന് റോഡ് 1.25 കോടി
കുഴിവേലിപ്പടി വെട്ടിക്കുഴ റോഡ് 2.75 കോടി
ഇളയരാജ പാലസ് റോഡ് 2.65 കോടി
ഹെർബർട്ട് റോഡ് 1 – 1.25 കോടി
ഹെർബർട്ട് റോഡ് 2 – 1.75 കോടി
സ്റ്റാഫ് ക്വാർട്ടേഴ്‌സ് റോഡ് 50 ലക്ഷം