പെരുമ്പാവൂർ: ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി. ബസ് റൂട്ടിൽ, ബസിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ കർശന നടപടിക്ക് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത നൗഷാദ് നൽകിയ പരാതിയിലാണ് നടപടി. വിഷയത്തിൽ വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണം. കൂടാതെ, രാവിലെയും വൈകിട്ടും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ റൂട്ടിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും നിർദ്‌ദേശമുണ്ട്.

മനുഷ്യാവകാശ കമ്മിഷന്റെ കണ്ടെത്തലുകൾ
1. മഞ്ഞപ്പെട്ടി കുതിരപറമ്പ് സ്വദേശികളായ റഷീദ്-ഫൗസിയ ദമ്പതികളുടെ മകൾ ഫർഹ ഫാത്തിമയ്ക്ക് പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ബസിൽ നിന്ന് വീണ് പരിക്കേറ്റത്.
2. സംഭവത്തെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ നടത്തിയ ഹിയറിംഗിൽ കെ.എസ്.ആർ.ടി.സി. അധികൃതരാരും പങ്കെടുത്തിരുന്നില്ല. ഇത് ഗുരുതരമായ കൃത്യവിലോപമായി കമ്മീഷൻ ചൂണ്ടിക്കാട്ടി.
3. യാത്രക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം നൽകേണ്ടത് കെ.എസ്.ആർ.ടി.സിയുടെ ബാദ്ധ്യതയാണെന്നും, അതിനുവേണ്ട സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.
4. പലപ്പോഴും ആലുവ-പെരുമ്പാവൂർ റൂട്ടിൽ ബസ് സ്റ്റോപ്പുകളിൽ നിറുത്താതെ പോകുന്നതും തിരക്കുള്ള സമയങ്ങളിൽ ആവശ്യത്തിന് ബസ് ഓടിക്കാത്തതും ഗുരുതരമായ പ്രശ്‌നങ്ങളാണ്.