കാക്കനാട് : മുൻ എം. എൽ.എ പി.ടി. തോമസിന്റെ പൊതുദർശനച്ചടങ്ങിന് പൂക്കൾ വാങ്ങിയതിൽ തൃക്കാക്കര നഗരസഭ തുക തിരിച്ചടയ്ക്കണമെന്ന് വ്യക്തമാക്കി തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ നഗരസഭാദ്ധ്യക്ഷയ്ക്ക് നോട്ടീസ് നൽകി. തൃക്കാക്കര നഗരസഭാ കമ്മ്യൂണിറ്റി ഹാളിൽ പി.ടി. തോമസിന്റെ പൊതുദർശനം നടത്തിയതിൽ യു.ഡി.എഫ് ഭരണസമിതി ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പൂക്കൾ വാങ്ങിയതിനു മാത്രം
1, 27,000 രൂപയാണ് ചെലവഴിച്ചത്. ഭക്ഷണത്തിനായി 35 ,000 രൂപയും ചെലവാക്കി. ആകെ 4 ലക്ഷം രൂപയാണ് പൊതു ദർശനത്തിന് ചെലവായത്.
ചെലവാക്കിയ തുകയുടെയത്രയും പൂക്കൾ പൊതുദർശന ഹാളിലുണ്ടായിരുന്നില്ലെന്നും ക്രമക്കേട് നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ സെക്രട്ടറിക്കും വിജിലൻസിനും പരാതി നൽകിയിരുന്നു. അതിനിടെ ചെലവായ തുക നഗരസഭാ ചെയർപേഴ്‌സന്റെ ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചടക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചിരുന്നു. എന്നാൽ ഈ തുക റിലീഫ് ഫണ്ടിൽ നിന്ന് പിൻവലിച്ച് തനതുഫണ്ടിൽ നിക്ഷേപിക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നോട്ടീസിലെ നിർദ്ദേശം. സംഭവം നടക്കുമ്പോൾ ഐ ഗ്രൂപ്പിലെ അജിത തങ്കപ്പനായിരുന്നു നഗരസഭാദ്ധ്യക്ഷ. ഗ്രൂപ്പ് സമവാക്യത്തെ തുടർന്ന് എ ഗ്രൂപ്പിൽ നിന്നുള്ള രാധാമണി പിള്ളയാണ് നിലവിലെ അദ്ധ്യക്ഷ. നഗരസഭാ സെക്രട്ടറിയും മാറിയിട്ടുണ്ട്.