1

പള്ളുരുത്തി: ജീവിതത്തോട് പൊരുതി വരുൺ സ്വർണത്തിൽ മുത്തമിടുകയാണ്. കോലഞ്ചേരി ഗവണ്മെന്റ് കടയിരുപ്പ് ഹൈസ്കൂളിൽ നടത്തിയ ജില്ലാതല തായ്ക്കോണ്ട മത്സരത്തിലാണ് പള്ളുരുത്തി എസ്.ഡി. പി. വൈ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി വരുൺ വിസ്മയിന്റെ സ്വർണ മെഡൽ നേട്ടം .

തീരെ പാവപ്പെട്ട കുടുംബത്തിലെ അംഗമായ വരുണിന്റെ പിതാവ് ഓട്ടോ ഡ്രൈവർ പ്രദീപ് അപകടത്തെ തുടർന്ന് ചികിത്സയിലാണ്. മാതാവ് ശാലിനി സമീപത്തെ കടയിൽ ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. നമ്പ്യാപുരം ഭാഗത്ത് സ്വന്തമായി വീടുണ്ടായിരുന്ന കുടുംബം ജപ്തി ഭീഷണിയെ തുടർന്ന് ഇപ്പോൾ കടേ ഭാഗത്ത് വാടകയ്ക്ക് താമസിക്കുയാണ്.

കഴിഞ്ഞ 7 വർഷമായി വരുൺ അദ്ധ്യാപികയായ ലില്ലിയുടെ കീഴിൽ തായ്ക്കോണ്ട പഠിക്കുന്നുണ്ട്.

പ്രധാനാദ്ധ്യാപിക കെ.പി. പ്രിയ, ക്ളാസ് ടീച്ചർ കെ.ആർ ശാരി എന്നിവരും വരുണിന് പ്രോത്സാഹനം നൽകുന്നു.

ഒൻപതാം ക്ളാസ് മുതലാണ് വരുൺ എസ്.ഡി.പി.വൈ സ്കൂളിൽ പഠനം തുടങ്ങിയത്. തായ്ക്കോണ്ട കൂടാതെ നാടകം, ഡാൻസ് എന്നീ കലകളിലും വരുൺ മുമ്പന്തിയിലാണ്.

ആദ്യമായാണ് പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിന് തായ്ക്കോണ്ട മൽസരത്തിൽ സ്വർണം ലഭിക്കുന്നത്. ഇനി അടുത്ത ലെവൽ സ്റ്റേറ്റ് തായ്ക്കോണ്ട മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ. വരുന്ന ദിവസം എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ വരുണിന് സ്വർണ മെഡൽ സമ്മാനിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സഹോദരൻ തരുൺ എ.സി.സി.ഐ വിദ്യാർത്ഥിയാണ്.