മട്ടാഞ്ചേരി: റോഡിലെ കുഴികൾ ഉപജീവനം മുടക്കിയതിനെ തുടർന്ന് കുഴിയിൽ കിടന്ന് കൈവണ്ടി തൊഴിലാളിയായ വയോധികന്റെ പ്രതിഷേധം. മട്ടാഞ്ചേരി സ്വദേശി ഉമ്മറാണ് പ്രതിഷേധിച്ചത്. പടിഞ്ഞാറൻ കൊച്ചിയിലെ ഫോർട്ട് കൊച്ചി കുന്നുംപുറം റോഡ് തകർന്ന് തരിപ്പണമായിട്ട് ഒരു വർഷത്തോളമായി. ആറോളം വിദ്യാലയങ്ങളിലേക്കും ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലേക്കുമുള്ള റോഡാണിത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ കടന്നു പോകുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ഉമ്മർ ആവശ്യപ്പെട്ടു.
റോഡിലെ കുഴികൾ മൂലം കൈവണ്ടി വലിക്കാൻ കഴിയുന്നില്ലെന്നും കുഴിയിൽ ചാടി ധാന്യ ചാക്കുകൾ മറിഞ്ഞ് വീഴുന്നത് പതിവായി മാറിയിരിക്കയാണെന്നും ഉമ്മർ പറഞ്ഞു. ഇത്തരം കുഴികൾ ഉപജീവന മാർഗം തടസപ്പെടുത്തുകയാണ്. ജീവിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മറിന് ഐക്യദാർഢ്യവുമായി നിരവധി നാട്ടുകാരുമെത്തി.