മട്ടാഞ്ചേരി: കോൺഗ്രസ് ഈരവേലി മണ്ഡലം പ്രസിഡന്റിനെ പ്രഖ്യാപിക്കാനായി വിളിച്ച് ചേർത്ത യോഗം ബഹളത്തിൽ കലാശിച്ചു. കരിപ്പാലം കമ്മ്യൂണിറ്റി ഹാളിൽ ബ്ലോക്ക് പ്രസിഡന്റ് വി.എച്ച്. ഷിഹാബുദ്ദീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗമാണ് ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അലങ്കോലമായത്. നേരത്തെ എൻ. വേണുഗോപാൽ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഐ വിഭാഗത്തിന്റെ എതിർപ്പ് മറികടന്ന് കെ.സി. വേണുഗോപാൽ വിഭാഗം നേതാവായ ഡി.സി.സി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയുടെ നോമിനിയായ ടി.എച്ച് ഉബൈസിനെയാണ് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്തത്. എന്നാൽ ഐ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് ഒന്നര വർഷത്തിന് ശേഷം ഉബൈസിനെ മാറ്റുകയും പി.എ അബ്ബാസിനെ മണ്ഡലം പ്രസിഡന്റാക്കുകയും ചെയ്തു. ഇതിനിടെ അബ്ബാസ് ഒഴിഞ്ഞതോടെ ഈരവേലിയിൽ മണ്ഡലം പ്രസിഡന്റ് ഇല്ലാതായി.തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ താത്കാലിക ചുമതല നൽകിയിരുന്ന പി.എ. ഉബൈദിനെ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിക്കാനാണ് യോഗം വിളിച്ചു ചേർത്തത്. തത്കാലം ഡിവിഷൻ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം.