കോതമംഗലം: പിണ്ടിമന, കോട്ടപ്പടി, വേങ്ങൂർ പഞ്ചായത്തുകളിൽ സോളാർ ഫെൻസിംഗ് കടന്നുപോകുന്ന പ്രദേശത്തെ ഘനമരങ്ങൾ വനംവകുപ്പ് നേരിട്ട് മുറിക്കാൻ തീരുമാനിച്ചു. തടികൾ ഡിപ്പോകളിലെത്തിച്ച് വില്പന നടത്തും. ആറ് തവണ ലേലം ചെയ്തിട്ടും മരങ്ങൾ വിറ്റുപോകാത്ത സാഹചര്യത്തിലാണ് വനംവകുപ്പിന്റെ ഈ നീക്കം. അക്കേഷ്യാ ഉൾപ്പടെയുള്ള മറ്റ് മരങ്ങൾ ലേലം ചെയ്യുന്നതിനു തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഫെൻസിംഗിന്റെ നിർമ്മാണ പ്രവർത്തനം തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും സമയബന്ധിതമായി പൂർത്തീകരിക്കാനും വനംവകുപ്പ് നടപടിയെടുക്കും. ഇതിനായി കരാറുകാരുടെ യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആന്റണി ജോൺ എം.എൽ.എ.യുടെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിലാണ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.