
മൂവാറ്റുപുഴ: വിനോദ സഞ്ചാര കേന്ദ്രമായ പോയാലിമലയിലേക്ക് നാട്ടുകാർ റോഡ് വെട്ടിയതിനു പിന്നാലെ കട്ട വിരിക്കാൻ ഫണ്ട് അനുവദിച്ച് പായിപ്ര പഞ്ചായത്ത്. 4 മീറ്റർ വീതിയിൽ മലമുകളിലേക്കുള്ള റോഡിൽ കട്ടവിരിച്ച് മനോഹരമാക്കാൻ 25 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പാറക്കല്ലിൽ നിന്ന് പാറക്കല്ലിലേക്ക് ചാടി കടന്നായിരുന്നു പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ പോയാലിമലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും നേരം ചെലവഴിക്കാനും ജനം എത്തിയിരുന്നത്. യുവാക്കൾക്കും കുട്ടികൾക്കുമായിരുന്നു ഇതുവരെ മലയിൽ എത്താൻ കഴിഞ്ഞിരുന്നത്. എന്നാൽ, റോഡ് വരുന്നതോടെ ഇതിന് മാറ്റം വരും. യുവജന ചാരിറ്റി കോ ഓർഡിനേറ്റർ കബീർ ആലപ്പാട്ടിന്റെയും പ്രസിഡന്റ് അഷറഫിന്റെയും നേതൃത്വത്തിലാണ് റോഡിനായുള്ള പ്രവർത്തനങ്ങൾ നടന്നത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പല തവണ പദ്ധതികൾ തയാറാക്കിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഒന്നര വർഷം മുമ്പ്പദ്ധതിയുടെ പ്രഥമിക പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പിൽ നിന്ന് 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയിരുന്നു. തുടർന്ന് ഡി.പി.ആർ തയാറാക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. 99 ലക്ഷം രൂപയാണ് പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. മലയിൽ നിർമ്മിക്കുന്ന ഇരിപ്പിടങ്ങൾ, ശുചിമുറികൾ, കൈവരികൾ എന്നിവ നിർമിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. പോയാലിമലയിലേക്കുള്ള റോഡ്, ശുദ്ധജല പദ്ധതി, വഴി വിളക്കുകൾ എന്നിവ ഒരുക്കുന്നതിനുള്ള തുക പഞ്ചായത്ത് കണ്ടെത്തണമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഇതിന്റെ തുടർ നടപടികൾ ഒന്നും ഇനിയും ആരംഭിച്ചിട്ടില്ല. ഇതിനിടെയാണ് കട്ട വിരിക്കാൻ പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. ടെണ്ടർ നടപടികൾ പൂർത്തിയായാൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ടൂറിസം പദ്ധതികൾ പലതും വന്നെങ്കിലും വഴിയില്ലാത്തതിനാൽ നടപ്പാകാതെ വന്നതോടെ നിരപ്പ് യുവജന ചാരിറ്റി ഇടപെടുകയായിരുന്നു.
മലയുടെ താഴ്ഭാഗത്തുള്ള 7 വ്യക്തികളുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ഇവർ വഴിക്ക് വേണ്ടി സൗജന്യമായി സ്ഥലം വിട്ടുനൽകി.
നിരപ്പ് ബീരുക്കുട്ടി പടിയിൽ നിന്ന് 30 അടി വീതിയിലും 800 മീറ്റർ നീളത്തിലുമാണ് വഴി വെട്ടിയത്.
വാഹനങ്ങൾക്ക് മലമുകളിൽ വരെ വരാൻ സാധിക്കുന്നതിനാൽ ദൂരദേശത്ത് നിന്നും സഞ്ചാരികൾക്ക് എത്താനാകും.
പോയാലിമല ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തിച്ചേരാനുള്ള വഴിയുടെ അഭാവം ടൂറിസ്റ്റുകൾക്ക് ഏറെ തടസമായിരുന്നു. നാട്ടുകാരുടെ സഹകരണവും ചാരിറ്റി പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനവും ആണ് വഴി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത്. ഇതിനായി പഞ്ചായത്തിന്റെ ഫണ്ട് അനുവദിച്ചതും തുണയായി.
കബീർ ആലപ്പാട്ട്
കോഡിനേറ്റർ നിരപ്പ് യുവജന
ചാരിറ്റി ട്രസ്റ്റ്