കൊച്ചി: കേരള ഹൈക്കോടതിയിൽനിന്ന് വിരമിക്കുന്ന ജസ്റ്റിസ് അമിത് റാവലിന് യാത്രഅയപ്പ് നൽകി. ഒന്നാംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായ് എന്നിവർ പ്രസംഗിച്ചു. ജസ്റ്റിസ് അമിത് റാവൽ മറുപടി പ്രസംഗം നടത്തി. ജഡ്ജിമാർ, ജുഡിഷ്യൽ ഓഫീസർമാർ, അഭിഭാഷകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 21നാണ് വിരമിക്കുന്നത്.
ചണ്ഡീഗഡ് സ്വദേശിയായ അമിത് റാവൽ 2014 സെപ്തംബർ 25നാണ് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 2019 നവംബർ 12ന് കേരള ഹൈക്കോടതിയിൽ സ്ഥലംമാറിയെത്തി. ഫുൾകോർട്ട് റഫറൻസിന് മുന്നോടിയായി ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് അമിത് റാവലും ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന സെറിമോണിയൽ ബെഞ്ച് സിറ്റിംഗ് നടത്തി.