ph

കാലടി: അയ്യമ്പുഴ പഞ്ചായത്തിലെ തട്ടുപാറയിൽ പ്രവർത്തിക്കാത്ത പാറമടയിൽ തലയില്ലാത്ത നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തി. മംഗലി ഷൈജൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പാറമട. ഇന്നലെ വൈകിട്ട് 6.45 ഓടെ പ്രദേശത്തെ കുട്ടികൾ ചൂണ്ടയിടാൻ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. കുട്ടികൾ മാതാപിതാക്കളെ അറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പാറമടയ്ക്ക് 40 അടിയോളം ആഴമുണ്ട്. വെള്ളം നിറഞ്ഞ് കിടക്കുകയാണ്. ഇരുട്ട് പരന്നതിനാൽ മൃതദേഹം ഇന്നേ പുറത്തെടുക്കൂ. മൃതദേഹം പുരുഷന്റെതാണോ സ്ത്രീയുടേതാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്ലാസ്റ്റിക് കയർ കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹം. കൊലപാതകമാണെന്ന് സംശയിക്കുന്നു. മൃതദേഹം കരക്കെത്തിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂവെന്ന് അയ്യമ്പുഴ പൊലീസ് അറിയിച്ചു.