മുഖ്യ കണ്ണി പിടിയിൽ
കൊച്ചി: കൊച്ചിയിൽ ഫോറിൻ തപാൽ ഓഫീസ് വഴി കടത്താൻ ശ്രമിച്ച 2 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. സംഭവത്തിൽ തായ്‌ലാൻഡിൽ നിന്ന് കഞ്ചാവ് വരുത്തിച്ചയാളെ അറസ്റ്റ് ചെയ്തു. എറണാകുളം വടുതല ബോട്ട് ജെട്ടി റോഡിൽ ഇക്കരപ്പറമ്പ് വീട്ടിൽ സക്കറിയ ടൈറ്റ്‌സ് (23)ആണ് പിടിയിലായത്.
സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന സക്കറിയ വിദേശത്ത് നിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയെന്നാണ് സൂചന. മൂന്ന് ദിവസം മുമ്പാണ് എറണാകുളം കാരിക്കാമുറിയിലെ വിദേശ തപാൽ ഓഫീസിലേക്ക് കൊറിയർ എത്തിയത്. കളമശേരിയിൽ പ്രവർത്തിക്കുന്ന പ്രമുഖ വാഹന ഷോറൂമിന്റെ മേൽവിലാസത്തിൽ എത്തിയ കൊറിയറിൽ പാലക്കാട് സ്വദേശിനിയുടെ പേരും ഫോൺനമ്പറും ആണ് ഉണ്ടായിരുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ വിവരം കസ്റ്റംസിനെ അറിയിച്ചു.
കസ്റ്റംസ് നടത്തിയ വിശദപരിശോധനയിൽ പാഴ്‌സലിനുള്ളിൽ കഞ്ചാവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പാഴ്‌സലിൽ രേഖപ്പെടുത്തിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. കോൾ എടുത്തത് സക്കറിയ ആയിരുന്നു. പാഴ്‌സൽ എത്തിയിട്ടുണ്ടെന്നും വീട്ടിൽ എത്തിച്ച് നൽകാമെന്നും കസ്റ്റംസ് അറിയിച്ചു. എന്നാൽ, തപാൽ ഓഫീസിൽ നേരിട്ടെത്തി കൈപ്പറ്റിക്കൊള്ളാമെന്ന് സക്കറിയ അറിയിച്ചു. തുടർന്ന് ഇന്നലെ രാവിലെ കാരക്കാമുറിയിലെ ഓഫീസിലെത്തിയ സക്കറിയയെ കസ്റ്റംസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിപണിയിൽ രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് വാങ്ങാൻ സക്കറിയയ്ക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്നും സംഭവത്തിലെ മറ്റ് ആളുകളുടെ പങ്കും കസ്റ്റംസ് അന്വേഷിച്ച് വരികയാണ്.