
കളമശേരി: ദേശീയപാതയിലെ പത്തടിപ്പാലം ബസ് സ്റ്റോപ്പിന് സമീപം അപകടഭീഷണിയായി നിലനിൽക്കുന്ന തോടിന് മുകളിൽ കോൺക്രീറ്റ് സ്ലാബ് നിർമ്മിക്കാൻ മാറിമാറി വന്ന കളമശേരി നഗരസഭാ ഭരണസമിതികൾക്ക് കഴിഞ്ഞിട്ടില്ല. ഇത് കാലങ്ങളായി നാട്ടുകാരുടെ പ്രധാന ആവശ്യമാണ്.
പത്തടിപ്പാലത്ത് ഹൈവേയ്ക്ക് വീതി കുറവായതുകൊണ്ട് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടന്നുപോകാൻ വാക്ക്‌വേ ഇല്ല. അതുകൊണ്ട് തിരക്കേറിയ റോഡിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. മലിനജലം ഒഴുകുന്ന വലിയ തോടും ഇവിടെയുണ്ട്. കാൽനടയാത്രക്കാരും വാഹനങ്ങളും തോട്ടിൽ വീഴുന്നത് പതിവായതോടെ മന്ത്രി പി. രാജീവ് ഇടപെട്ട് താത്കാലികമായി സംരക്ഷിത വേലി കെട്ടിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ റോഡിനോട് ചേർന്നുള്ള ഭാഗത്ത് സംരക്ഷിത വേലിയില്ലാത്തതിനാൽ നിത്യവും അപകടങ്ങൾ നടക്കുന്നുണ്ട്.
അധികാരികളുടെ നിലപാടുകൾ
വാർഡിലെ കൗൺസിലറായ വാണിദേവി വാക്ക്‌വേ നിർമ്മിക്കണമെന്ന ആവശ്യവുമായി കൗൺസിൽ യോഗത്തിൽ നിരന്തരം സംസാരിക്കുകയും മെട്രോ, എൻ.എച്ച്.എ.ഐ. അധികാരികൾക്ക് നിവേദനം നൽകുകയും ചെയ്തതോടെ വിഷയത്തിൽ അധികാരികൾ ഇടപെട്ടു.
ഇത്രയും വിപുലമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ബജറ്റ് ഇല്ലെന്നാണും എൻ.ഒ.സി നൽകാമെന്നുമാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നിലപാട്.
അങ്കമാലി മുതൽ ഇടപ്പള്ളി വരെയുള്ള എൻ.എച്ച്. 544ന്റെ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് പാക്കേജിൽ വരുന്നതിനാൽ പത്തടിപ്പാലം കൾവെർട്ടിന്റെ വികസനത്തോടൊപ്പം നടപ്പാത നിർമ്മിക്കാൻ നിലവിലെ പദ്ധതിയിൽ സാധ്യതയില്ലെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) പറയുന്നു. ' ഇത് കെ.എം.ആർ.എൽ. സ്‌ട്രെച്ചിന് കീഴിൽ വരുന്നതിനാൽ, കളമശേരി നഗരസഭ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിൽ എതിർപ്പില്ലെന്നാണ് നിലപാട്.
പുതിയ പദ്ധതി
മന്ത്രി പി. രാജീവിന്റെ മുൻകൈയിൽ പുതിയ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. തോടിന്റെ 450 മീറ്റർ നീളത്തിൽ മൂന്ന് മീറ്റർ വീതിയിലും രണ്ട് മീറ്റർ ആഴത്തിലും സൈഡ് വാൾ കെട്ടാനും അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് തോടിനു മുകളിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്. എന്നാൽ ബാങ്ക് വായ്പയുടെ അനുമതിപത്രം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വാർഡ് കൗൺസിലർ മനോജ് കെ.ടി. അറിയിച്ചു.