കൊച്ചി: മതം, ധാർമികത, ശാസ്ത്രം എന്ന വിഷയത്തിൽ പരിപാടി സംഘടിപ്പിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയ്ക്കും ചിത്രങ്ങൾക്കും യൂണിവേഴ്‌സിറ്റിയുമായി ബന്ധമില്ലെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിച്ചു.
ഒക്ടോബറിൽ മംഗളൂരുവിൽ നടക്കാനിരിക്കുന്ന വിസ്ഡം കോൺഫറൻസിന്റെ ഭാഗമായി കുസാറ്റിൽ സെപ്തംബർ 1 ന് 'പ്രൊഫ്‌കോൺ" എന്ന പരിപാടി നടത്തിയെന്ന പ്രചാരണത്തെ തുടർന്നാണ് വിശദീകരണം. പ്രചരിക്കുന്ന ചിത്രങ്ങളിൽ സ്ത്രീകളെയും പുരുഷന്മാരെയും മറ കെട്ടി വേർതിരിച്ച് ഇരുത്തിയ ഫോട്ടോകളുമുണ്ട്. കുസാറ്റിൽ ഇത്തരം ലിംഗ വിവേചനങ്ങൾ ഇല്ല.
വിസ്ഡം കോൺഫറൻസിന്റെ ഭാഗമായോ, അല്ലാതെയോ പ്രൊഫ്‌കോൺ എന്ന പേരിൽ ഒരു പരിപാടി സർവകലാശാലയുടെ പങ്കാളിത്തത്തോടെ ഒരിടത്തും സംഘടിപ്പിച്ചിട്ടില്ല. പരിപാടിയിൽ കുസാറ്റിന്റെ പങ്കാളിത്തം ഉണ്ടെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സർവകലാശാല അറിയിച്ചു.
സമത്വാശയങ്ങളെ എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള സർവകലാശാല വിവേചനാത്മകമായ സമീപനങ്ങൾക്കോ പരിപാടികൾക്കോ പിന്തുണ നൽകുകയോ അവ സംഘടിപ്പിക്കുകയോ ചെയ്യുകയില്ലെന്നും അധികൃതർ വ്യക്തമാക്കി.
എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിവേചനരഹിതവും സമത്വാധിഷ്ഠിതവുമായ അക്കാഡമിക അന്തരീക്ഷം ഒരുക്കാൻ കുസാറ്റ് പ്രതിജ്ഞാബദ്ധമാണ്. ആരോപണങ്ങളെ ഗൗരവപൂർവമായാണ് കാണുന്നതെന്നും തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സർവകലാശാല അധികൃതർ ആവശ്യപ്പെട്ടു.