chira

കൊച്ചി: ആഴമറിയാത്ത കിണർ. അതിനുള്ളിൽ അദൃശ്യ ശക്തി. നട്ടുച്ചയ്ക്ക് അതുവഴി പോയാൽ ദോഷം ഉറപ്പ്. ഇതെല്ലാമായിരുന്നു സമീപകാലം വരെ കാടുകയറിക്കിടന്നിരുന്ന വാരിക്കോരിച്ചിറയെ കുറിച്ചുള്ള കേട്ടുകേൾവി. നഗരപ്രാന്തത്തിലെ ചെമ്പുമുക്കിന് സമീപമുള്ള ചിറയുടെ പരിസരത്തേയ്ക്ക് കഴിഞ്ഞ അരനൂറ്റാണ്ടായി ജനം പോകാൻ മടിച്ചു. എന്നാൽ ഇതിനൊരു മാറ്റമുണ്ടാക്കാൻ ജനപ്രതിനിധികളും പരിസരവാസികളും മുൻകൈയെടുത്ത് നവീകരണം നടത്തിയതോടെ വാരിക്കോരിച്ചിറ സുന്ദരിയായി. 'ഹരിത സരോവരം' എന്ന പേരിൽ 28ന് ജനകീയ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ് ചിറ.

നഗരത്തിരക്കിൽ നിന്ന് മാറി ഒരു 'ഹാംഗ് ഔട്ട് സ്പോട്ട്' എന്നോ ഉല്ലാസ കേന്ദ്രമെന്നോ പാർക്കെന്നോ പറയാവുന്ന വിധത്തിലാണ് മുഖം മിനുക്കൽ. ഒരു കോടി രൂപയിലധികം ചെലവിലാണ് നവീകരണം. ഓപ്പൺ ജിം, വിശ്രമബെഞ്ചുകൾ, റീഡിംഗ് കോർണർ, ചിത്രച്ചുമരുകൾ, വിളക്കുകാലുകൾ തുടങ്ങി സൗകര്യങ്ങളുണ്ട്. ജിമ്മിൽ 6 കളിയുപകരണങ്ങൾ ഒരുക്കും. റീഡിംഗ് ബോക്സ് തുറന്ന് ആർക്കും പുസ്തകമെടുക്കുകയും വായിച്ച ശേഷം തിരികെ വയ്ക്കുകയും ചെയ്യാം. കഫറ്റേരിയ പോലുള്ള സൗകര്യങ്ങൾ ഘട്ടങ്ങളായി ഒരുക്കും.

 നിരവധി തടസങ്ങളുണ്ടായി

ഹൈക്കോടതിയുടെ അനുമതിയോടെയാണ് നവീകരണം. നവീകരിച്ച ചിറ നാടിന് സമർപ്പിക്കുന്നതിന് അവസാനവട്ട ഒരുക്കങ്ങൾ നടക്കുകയാണ്. റെസിഡന്റ്സ് അസോസിയേഷനുകൾ മീൻ വളർത്തലിനും മുന്നോട്ടുവന്നിട്ടുണ്ട്.

ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിക്ക് സമിപമുള്ള പുളിക്കില്ലം ഈസ്റ്റ് റോഡിലൂടെ ഹരിത സരോവരത്തിലെത്താം.

200 മീറ്റർ

ചിറയുടെ ചുറ്റളവ്. പ്രഭാതനടത്തത്തിന് കരഭാഗം അനുയോജ്യം.

27,000 രൂപ

ഓരോ വിളക്കുമരത്തിന്റെയും വില.

284

ഇത്രയും വീട്ടമ്മമാർ ചേർന്നാകും ജനകീയ ഉദ്ഘാടനം.

200

ചിറയുടെ കരയിലെ റീഡിംഗ് ബോക്സിൽ ഇതുവരെ ലഭിച്ച പുസ്തകങ്ങൾ.

''ചിറയേക്കുറിച്ച് ഭീതിജനകമായ പ്രചാരണങ്ങൾ നടത്തിയിരുന്നത് ചില തത്പരകക്ഷികളാണ്. ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിച്ചാണ് നവീകരണം.

- കെ.എക്സ്. സൈമൺ

കൗൺസിലർ

31-ാം ഡിവിഷൻ