
ആലുവ: കീഴ്മാട് ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിലെ 46-ാംനമ്പർ അങ്കണവാടിയും വനിത ഫിറ്റ്നസ് സെന്ററും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സനിതാ റഹീം മുഖ്യാതിഥിയായി. വാർഡ് മെമ്പർ കെ.എ. ജോയി, കീഴ്മാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. മുജീബ്, ലിസി സെബാസ്റ്റ്യൻ, ടി.പി. അസിസ്, ആബിദ അബ്ദുൽ ഖാദർ, ടി.ആർ. രതീഷ്, കെ.കെ. സതീശൻ, വി. കൃഷ്ണകുമാർ, സനില, സാഹിദ അബ്ദുൽ സലാം, പി.ടി. റീന, അമ്പിളി അഗസ്റ്റ്യൻ, എം.കെ. ഫെമി എന്നിവർ പങ്കെടുത്തു.
അതേസമയം, പ്രതിപക്ഷം പ്രതിനിധീകരിക്കുന്ന വാർഡുകളിൽ ഉദ്ഘാടന വേദികൾ രാഷ്ട്രീയവത്കരിക്കുന്നതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവിന്റെ നേതൃത്വത്തിൽ 15-ാം വാർഡിലെ അങ്കണവാടി ഉദ്ഘാടന വേദിയിൽ നിന്ന് വാക്കൗട്ട് നടത്തി. ഉദ്ഘാടന ശിലാഫലകത്തിൽ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പൊതുമരാമത്ത് - ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരുടെ പേരുകൾ ഒഴിവാക്കിയതും കോൺഗ്രസുകാരായ ജനപ്രതിനിധികളുടെ പേരുകൾ ഉൾപ്പെടുത്തിയതുമാണ് വാക്കൗട്ടിന് കാരണം.
കഴിഞ്ഞ 14 ന് എട്ടാം വാർഡിലെ അങ്കണവാടിയുടെ ഉദ്ഘാടന ശിലാഫലകത്തിലും സമാനമായ വെട്ടി നിരത്തൽ ഉണ്ടായിരുന്നു. തുടർന്ന് 15-ാം വാർഡിലെ അങ്കണവാടി ഉദ്ഘാടനത്തിൽ ഇത്തരം വീഴ്ച്ചകൾ ഉണ്ടാകരുതെന്ന് പ്രസിഡന്റ് വാർഡ് അംഗത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മുഖവിലക്കെടുക്കാതെ വീണ്ടും ഭരണപക്ഷത്തെ വെട്ടി നിരത്തുകയായിരുന്നു. ഉദ്ഘാടന വേദിയിലെ അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് സതി ലാലു പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയ ശേഷമാണ് ഇറങ്ങിപ്പോയത്. വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൽസി ജോസഫ്, റസീന നജീബ്, അംഗങ്ങളായ വി. കൃഷ്ണകുമാർ, ടി.ആർ. രജീഷ് എന്നിവരും ബഹിഷ്കരിച്ചു.