കൊച്ചി: അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിൽ ജില്ലയിലെ ബീച്ചുകളെ മാലിന്യമുക്തമാക്കാൻ വിദ്യാർത്ഥികളും അദ്ധ്യാപകരും ജനങ്ങളുമായി കൈകോർത്തു. ഒപ്പം സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്സസിന്റെ (സി.എം.എൽ.ആർ.ഇ ) നേതൃത്വത്തിൽ പുതുവൈപ്പ്, ചെറായി, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളിൽ രാവിലെ 7 മുതലായിരുന്നു ശുചീകരണം. നാലു ബീച്ചുകളിൽ നിന്നായി 1858 കിലോ ജൈവമാലിന്യവും 734 കിലോ പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ചു. മൊത്തം 700 പേരുടെ പങ്കാളിത്തമുണ്ടായി. സെപ്തംബറിലെ മൂന്നാം ശനിയാഴ്ചയാണ് തീരദേശ ശുചീകരണ ദിനം.
പുതുവൈപ്പ് ബീച്ചിൽ സി.എം.എൽ.ആർ.ഇ മേധാവിയും മുതിർന്ന ശാസ്ത്രജ്ഞനുമായ ഡോ. ആർ.എസ്. മഹേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ബീച്ചിന്റെ ശുചീകരണം സ്ഥിരമായി ഏറ്റെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
കുസാറ്റ്, കുഫോസ്, ഹരിതകർമസേന, പഞ്ചായത്ത് വകുപ്പിലെ ജീവനക്കാർ, എച്ച്.എസ്.എസ്, ഹൈസ്കൂൾ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഗവേഷകർ തുടങ്ങിയവർ പങ്കാളികളായി.