കൊച്ചി: താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് ജുഡിഷ്യൽ അന്വേഷണം നടത്തുന്ന ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാംഘട്ട പൊതുതെളിവെടുപ്പ് ജില്ലയിൽ നടന്നു. വിനോദസഞ്ചാരം, ഉൾനാടൻ ജലഗതാഗതം, മത്സ്യബന്ധനം തുടങ്ങിയ വിഷയങ്ങളിലാണ് തെളിവെടുപ്പ്. ജലഗതാഗത മേഖലയിൽ ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിഹാര മാർഗങ്ങൾ ശുപാർശ ചെയ്യുകയാണ് ലക്ഷ്യം.

കടലിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് ഉൾനാടൻ ജലാശയങ്ങളിലും ബോട്ട് ഓടിക്കാൻ അനുവദിക്കുന്ന തരത്തിൽ കേരള മാരിടൈം ബോർഡ് നിയമ നിർമ്മാണം നടത്തുക, ഇൻലാൻഡ് വെസൽ ആക്ട് 2021 അധികാരമുപയോഗിച്ച് ഫലപ്രദമായ ചട്ടങ്ങൾ രൂപീകരിക്കുക, ബോട്ട് സർവീസ് നിയമപ്രകാരമാണോയെന്ന് പരിശോധിക്കുന്നതിന് എൻഫോഴ്‌സ്‌മെന്റിനെ നിയമിക്കുക, ലൈസൻസിംഗ് സംവിധാനം ഉദാരമാക്കുക, ചീനവലകളുടെ ദ്രവിച്ച കുറ്റികൾ നീക്കംചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങൾ കമ്മിഷനു മുമ്പാകെ വന്നു.

മറൈൻഡ്രൈവ് ജി.സി.ഡി.എ ആസ്ഥാനത്ത് നടന്ന തെളിവെടുപ്പിൽ കമ്മിഷൻ അംഗങ്ങളായ സുരേഷ്‌കുമാർ, ഡോ. കെ.പി. നാരായണൻ, മെമ്പർ സെക്രട്ടറി ടി.കെ. രമേഷ്‌കുമാർ, കോർട്ട് ഓഫീസർ ജി. ചന്ദ്രശേഖരൻ, കമ്മിഷൻ സെക്രട്ടറി ശിവപ്രസാദ്, നോഡൽ ഓഫീസർ ലിജോ ജോസഫ് എന്നിവർ പങ്കെടുത്തു.

ജില്ലയിലെ അടുത്ത തെളിവെടുപ്പ് നാളെ രാവിലെ 11ന് ഭൂതത്താൻകെട്ട് ഇറിഗേഷൻ ബംഗ്ലാവിൽ നടക്കും.