നെടുമ്പാശേരി: അപകടമേഖലയായ അത്താണി - പറവൂർ റോഡിലെ പുത്തൻതോട് മുതൽ ചുങ്കം കവല വരെ വികസിപ്പിക്കുന്നതിനായുള്ള ഭൂമി ഏറ്റെടുക്കൽ നാളെ ആരംഭിക്കും. ചെങ്ങമനാട് വില്ലേജിലെ 7.57 ആർ (18.725 സെന്റ്) ഭൂമി ഏറ്റെടുക്കുന്നതിനായി സർക്കാർ ഗസറ്റിൽ 11(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.

പുത്തൻതോട് മുതൽ ചുങ്കം കവല വരെയുള്ള വളവുകൾ വീതി കൂട്ടി അപകടാവസ്ഥ ഒഴിവാക്കാനായി നേരത്തെ 2 .50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. വീതി കൂട്ടുന്നതിന്റെ ഭാഗമായി അലൈൻമെന്റ് സ്‌കെച്ച് പ്രകാരം കല്ലുകളും സ്ഥാപിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതോടൊപ്പം ഭൂമിയുടെ വില നിർണയ നടപടികളും പുനരധിവാസ പാക്കേജ് തയ്യാറാക്കലും ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.