
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഹോട്ടലിൽ വച്ച് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവർ പറയകാട് കൊച്ചുതറ വീട്ടിൽ അഖിനെ (37) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയ്ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് പറവൂർ ഫോർട്ട് റോഡിലുള്ള ഹോട്ടലിലാണ് സംഭവം. പെൺകുട്ടിക്കൊപ്പം അച്ഛനും സഹോദരനും ഒരു കൂട്ടുകാരിയുമുണ്ടായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ ഹോട്ടലിൽ അവശനായി കിടക്കുന്ന സമയത്താണ് അഖിൽ പെൺകുട്ടിയുടെ ശരീരത്തിൽ കയറി പിടിച്ചത്. സി.സി ടിവിയിലൂടെ ഇതുകണ്ട ഹോട്ടൽ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ഇവരെ അക്രമിക്കാൻ ശ്രമിച്ചു. ജീവനക്കാർ അഖിലിനെ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചുവരുത്തി കൈമാറി. മയക്കുമരുന്ന് കേസുകളിലടക്കം നിരവധി കേസുകളിൽ അഖിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.