devan-ramachandran

കൊച്ചി: കൊവിഡിനു ശേഷം ഹെൽത്ത് ജേണലിസത്തിന്റെ പ്രസക്തി വർദ്ധിച്ചെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മാതൃകാപരമായ മാദ്ധ്യമപ്രവർത്തനമാണ് അന്നു കണ്ടത്. ജനങ്ങളെ ബോധവത്കരിക്കുന്നതിലടക്കം വലിയ പങ്കു വഹിച്ചെന്നും പറഞ്ഞു. ഐ.എം.എ ഹൗസിൽ 'മെഡി മീഡിയ' ദേശീയ ഹെൽത്ത് ജേണലിസം സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യ രംഗത്തെ വിവരങ്ങൾ സാധാരണക്കാർക്കു ലളിതമായി മനസിലാക്കാൻ കഴിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണ്. ജനങ്ങൾക്കും വൈദ്യശാസ്ത്ര സമൂഹത്തിനും ഇടയിലുള്ള അന്തരം നികത്തുന്നത് ഹെൽത്ത് ജേണലിസമാണെന്നും പറഞ്ഞു.
ആസ്റ്റർ മെഡ്‌സിറ്റി, എറണാകുളം പ്രസ് ക്ലബ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ചാപ്ടർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ദ്വിദിന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്നുള്ള 30 മാദ്ധ്യമപ്രവർത്തകരും ആരോഗ്യ-നിയമ വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്. ഇന്നു സമാപിക്കും.
എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയദേവ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ. പി. റെജി, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ, സെക്രട്ടറി എം. ഷജിൽ കുമാർ, ലേക്‌ഷോർ ആശുപത്രി എം.ഡി എസ്. കെ. അബ്ദുല്ള, സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജൂനൈദ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ ഏഴിന് അബ്ദുൽ കലാം മാർഗിൽ കൂട്ടനടത്തം ആരംഭിക്കും. 2.30ന് സമാപന സമ്മേളനം പതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മേയർ എം. അനിൽ കുമാർ മുഖ്യാതിഥിയാകും.