നെടുമ്പാശേരി: ലക്ഷദ്വീപിലെ ട്യൂണ മത്സ്യബന്ധനത്തിന് കേന്ദ്രസർക്കാർ ആഗോള തലത്തിൽ ഇക്കോലേബലിംഗ് ടാഗ് ഉറപ്പാക്കുമെന്നും പരമ്പരാഗത മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി അംഗീകൃത ട്യൂണ ഉത്പന്നങ്ങൾക്ക് വിപണിയും ഉയർന്നവിലയും ലഭ്യമാക്കുമെന്നും കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻസിംഗ് പറഞ്ഞു. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡും ഫിഷറീസ് സർവേ ഒഫ് ഇന്ത്യയും സംയുക്തമായി ലക്ഷദ്വീപിലെ മത്സ്യബന്ധന മേഖലയുടെ വികസനത്തെക്കുറിച്ച് നെടുമ്പാശേരി ഹോട്ടൽ താജിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പരമ്പരാഗത മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സർട്ടിഫൈഡ് ട്യൂണ ഉത്പന്നങ്ങൾക്ക് വിപണിയും ഉയർന്നവിലയും നൽകുന്നതിനും ലക്ഷ്യമിടുന്നു. ശരിയായ സർട്ടിഫിക്കേഷനും വിപണി പ്രവേശനവും ഉണ്ടെങ്കിൽ ലക്ഷദ്വീപ് ട്യൂണയ്ക്ക് ഉയർന്ന വിലലഭിക്കും. ഇത് ദ്വീപസമൂഹത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ എന്നിവരും നീതി ആയോഗ്, സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി, ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച്, നബാർഡ് എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെയും പ്രതിനിധികളും യോഗത്തിൽ സംസാരിച്ചു.