mookambika-temple-

പറവൂർ: പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷ സംഭാവന പിരിവിന്റെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രം ഉപദേശക സമിതിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഉപദേശക സമിതി ഭാരവാഹികൾ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സംഭാവന പിരിക്കുന്നത് വിലക്കി ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ഉത്തരവിട്ടിരുന്നു. ശനിയാഴ്ച രാവിലെ ഉപദേശസമിതി ഭാരവാഹികൾ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സംഭാവന പിരിക്കാനെത്തിയപ്പോൾ ദേവസ്വം മാനേജർ വിസമ്മതിച്ചു. തുടർന്ന് ഭാരവാഹികൾ അകത്ത് പ്രവേശിച്ചില്ല. എന്നാൽ,​ വൈകിട്ട് ദേവസ്വം മാനേജർ ക്ഷേത്രത്തിൽ ഇല്ലാതിരുന്ന സമയം സ്ത്രീകളടക്കമുള്ള ഉപദേശക സമിതി ഭാരവാഹികൾ ക്ഷേത്ര മതിൽക്കെട്ടിനുള്ളിലിരുന്ന് സംഭവന പിരിച്ചു. വരും ദിവസങ്ങളിലും മതിൽക്കെട്ടിനുള്ളിൽ സംഭാവന പിരിക്കാനും വിസമ്മതിച്ചാൽ കോടതിയെ സമീപിക്കാനും ഉപദേശക സമിതി ആലോചിക്കുന്നുണ്ട്. പത്ത് ലക്ഷത്തിലധികം തുക ആഘോഷങ്ങൾക്ക് വേണ്ടി വരുമെന്നാണ് കരുതുന്നത്.

ഭക്തരും രംഗത്ത്

നവരാത്രി ആഘോഷം തുടങ്ങുന്നതിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സംഭാവന പിരിക്കുന്നത് സംബന്ധിച്ച പോര് പത്ത് നാൾ നീളുന്ന ആഘോഷത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഭക്തർ. മൂകാംബിക ക്ഷേത്ര സംരക്ഷണ സമിതി ക്ഷേത്ര പരിസരത്ത് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു. ബോർഡുകൾ രാത്രിയിൽ ചിലർ എടുത്ത് മാറ്റാനുള്ള ശ്രമം നടത്തിയതായി ഭക്തജന സമിതി അംഗങ്ങൾ ആരോപിച്ചു.

കൂപ്പൺ സീൽ ചെയ്യുന്നത് മുതൽ തർക്കം

നവരാത്രി ആഘോഷത്തിന്റെ കൂപ്പൺ ദേവസ്വം അസി. കമ്മീഷണർ സീൽ ചെയ്യുന്നത് മുതൽ ഉപദേശക സമിതിയുമായി പോര് തുടങ്ങിയിരുന്നു. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ കൂപ്പൺ സീൽ ചെയ്ത് കൊടുക്കേണ്ടെന്ന് ദേവസ്വം കമ്മീഷണറുടെ ഓഫീസിൽ നിന്ന് നിർദേശം ഉണ്ടെന്നായിരുന്നു ഉപദേശക സമിതിയെ അറിയിച്ചത്. ദേവസ്വം കമ്മിഷണർ ഇടപെട്ട ശേഷമാണ് ആഘോഷങ്ങൾ തുടങ്ങാൻ ആഴ്ചകൾ ശേഷിക്കെ കൂപ്പൺ സീൽ ചെയ്ത് ലഭിച്ചത്. പിന്നീടാണ് മതിൽക്കെട്ടിനുള്ളിൽ സംഭാവന പിരിക്കരുതെന്നുള്ള വിവാദ ഉത്തരവുണ്ടായത്.

ക്ഷേത്രത്തിലെ ചില യൂണിയൻ നേതാക്കളാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ഉപദേശക സമിതിയുടെ ആരോപണം. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം കമ്മിഷണർക്കും ദേവസ്വം വകുപ്പ് സെക്രട്ടറിക്കും സബ്ഗ്രൂപ്പ് ഓഫീസർക്കും ക്ഷേത്രം ഉപദേശക സമിതി കത്ത് നൽകിയിട്ടുണ്ട്.

പൂജാദ്രവ്യ സ്റ്രാ‌ളിനെതിരെ പരാതി

ക്ഷേത്രത്തിനോട് ചേർന്നുള്ള പൂജാദ്രവ്യ വില്പന സ്റ്റാൾ ദേവസ്വം ബോർഡിന്റെ ലേല വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് കാട്ടി ഉപദേശക സമിതി സബ് ഗ്രൂപ്പ് ഓഫീസർക്ക് പരാതി നൽകി. പൂജാദ്രവ്യങ്ങളുടെ വിലവിവര പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ദേവസ്വം നിശ്ചയിച്ചതിനേക്കാൾ കൂടുതൽ വില ഈടാക്കുന്നുണ്ടെന്നുമാണ് ഉപദേശക സമിതി പരാതിയിൽ പറയുന്നത്.

മതിൽക്കെട്ടിനകത്ത് ഭക്തജനങ്ങളിൽ നിന്ന് സംഭാവന പിരിക്കാൻ പാടില്ലെന്നുള്ള ഉത്തരവിൽ പ്രതിഷേധമുണ്ട്. ഭക്തജനങ്ങളുടെ കൂട്ടായ്മ പ്രതികരിക്കണം.

എം.കെ. ആഷിക്,

പ്രസിഡന്റ്,

പെരുവാരം മഹാദേവ സേവാസമിതി.

അധികൃതർ ഡ്യൂട്ടിയിൽ ഇല്ലാത്ത നേരത്ത് ദേവസ്വത്തിന്റെ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഈ വിവരം ദേവസ്വം ഉദ്യോഗസ്ഥരെ അറിയിക്കും. തുടർന്നുള്ള നിർദേശ പ്രകാരം മറ്റു നടപടികൾ സ്വീകരിക്കും.

ആർ. മോഹനൻ,

സബ് ഗ്രൂപ്പ് ഓഫീസർ,

ദക്ഷിണ മൂകാംബിക ക്ഷേത്രം.