
കോലഞ്ചേരി: ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ മാമല കാക്കരേത്ത് കെ.കെ. മണി (51) മരിച്ചു. കൊച്ചി ധനുഷ്കോടി- ദേശീയ പാതയിൽ കടമറ്റം പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 10. 30 ഓടെയായിരുന്നു അപകടം.
മാമല കള്ള് ഷാപ്പിലെ തൊഴിലാളിയായ മണി ജോലി കഴിഞ്ഞ് താമസ സ്ഥലമായ വാളകത്തെ വീട്ടിലേക്ക് ബൈക്കിൽ പോകും വഴിയാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ മണിയെ സമീപത്തുണ്ടായിരുന്നവർ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
ഇടിച്ച ഓട്ടോറിക്ഷ നിറുത്താതെ പോയി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.
മാമല റേഞ്ച് കള്ള് ഷാപ്പ് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അംഗമാണ്. ഭാര്യ: സിന്ധു (പി.എച്ച്.സി മേക്കടമ്പ്). മക്കൾ: അഭിനന്ദ്, അഭയ.