
പറവൂർ: കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയ്ക്കും സി.പി.എം നേതാവ് കെ.ജെ. ഷൈനിനുമെതിരെ സമൂഹമാദ്ധ്യമത്തിലൂടെ അപവാദ പ്രചാരണങ്ങൾ നടത്തിയ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഗോപാലകൃഷ്ണൻ ചെട്ടിശേരിലിന്റെ പറവൂർ കെടാമംഗലത്തെ വീട്ടിലേക്ക് സി.പി.എം തൈവെപ്പ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ രാത്രിയിൽ പ്രതിഷേധ മാർച്ച് നടത്തി. വീടിന് പരിസരത്ത് പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പറവൂർ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം സി.എ. രാജീവ് ഉദ്ഘാടനം ചെയ്തു. പറവൂർ നഗരസഭാ കൗൺസിലർമാരായ ജയ ദേവാനന്ദൻ, ജ്യോതി ദിനേശൻ, ഷൈനി രാധാകൃഷ്ണൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി.കെ. പ്രകാശ്, സുരേഷ് ബാബു, സി.പി. ബിജു എന്നിവർ സംസാരിച്ചു.