chappath

കോതമംഗലം: കുട്ടമ്പുഴയിലെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസികളുൾപ്പടെയുള്ളവർ കാത്തിരിക്കുന്ന പാലങ്ങളുടെ നിർമ്മാണത്തിനായി മറ്റൊരു സാദ്ധ്യത കൂടി പരിശോധിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ജി.എസ്.വൈയിൽ ഉൾപ്പെടുത്താനാണ് നീക്കം. ബ്ലാവന, മണികണ്ഠൻചാൽ എന്നീ പാലങ്ങളുടെ നിർമ്മാണത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി ഡീൻ കുര്യാക്കോസ് എം.പി. ശ്രമം നടത്തിവരികയാണ്. പി.എം.ജി. എസ്. വൈയുടെ നാലാം ഘട്ടമാണ് ഇപ്പോഴത്തേത്. കൂടുതൽ റോഡുകൾക്കും പാലങ്ങൾക്കും പദ്ധതിയിലുൾപ്പെടുത്തി അനുമതി നൽകുന്നുണ്ട്. ഈ സാദ്ധ്യത പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ കുട്ടമ്പുഴയിലെ രണ്ട് പാലങ്ങളും യാഥാർത്ഥ്യമാകും.

വനംവകുപ്പ് കനിയണം

വിവിധ ആദിവാസി നഗറുകളിലേയും കല്ലേലിമേടിലേയും ജനങ്ങൾ ബ്ലാവന കടവിൽ ജങ്കാറിനെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. മണികണ്ഠൻചാലുകാരും ആദിവാസി നഗറുകളിലുള്ളവരും പുഴയ്ക്ക് കുറുകെയുള്ള ചപ്പാത്തിനെ ആണ് ആശ്രയിക്കുന്നത്. മഴക്കാലത്ത് ഏറെ അപകടകരമായാണ് ഇവരുടെ യാത്ര. വേനൽക്കാലത്തും ദുരിതമുണ്ട്. നൂറുകണക്കിന് വീടുകളുള്ള ഈ പ്രദേശങ്ങളിലുള്ളവരുടെ യാത്ര സുഗമമാകാൻ പാലങ്ങൾ അനിവാര്യമാണ്. പ്രദേശങ്ങളുടെ വികസനത്തിനും ജനജീവിതം മെച്ചപ്പെടുത്തുന്നതിനും പാലങ്ങൾ സഹായകരമാകും. പൂയംകുട്ടി പുഴയ്ക്ക് കുറുകെയാണ് രണ്ട് പാലങ്ങളും നിർമ്മിക്കേണ്ടത്. സംസ്ഥാന സർക്കാർ വർഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും നിർമ്മിക്കാനായിട്ടില്ല. വനം വകുപ്പിന്റെ എതിർപ്പാണ് കാരണം. പാലം നിർമ്മിക്കണമെങ്കിൽ വനം ഭൂമി വിട്ടു കിട്ടേണ്ടതുണ്ട്. കേന്ദ്രപദ്ധതി പ്രയോജനപ്പെടണമെങ്കിലും വനം വകുപ്പിന്റെ നിലപാട് മയപ്പെടേണ്ടതുണ്ട്.