കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എം.എൽ.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എം.എൽ.എ പങ്കെടുത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ഉടമ നിഘോഷ് കുമാർ, സി.ഇ.ഒ ഷമീർ, ഓസ്‌കാർ ഇവന്റ്‌സിന്റെ ഉടമകളായ പി.എസ്. ജിനീഷ് ,എം.ഡി. കൃഷ്ണകുമാർ, സ്റ്റേജ് കരാറുകാരൻ ബെന്നി എന്നിവരാണ് പ്രതികൾ. മൃദംഗ വിഷനും ഓസ്‌കാർ ഇവന്റ്‌സും ചേർന്നാണ് നൃത്ത പരിപാടി സംഘടിപ്പിച്ചത്.

എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 9ന് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത 110 3(5) വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമമാണ് ചുമത്തിയിരിക്കുന്നത്.

2024 ഡിസംബർ 29 നാണ് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ 15 അടി ഉയരമുള്ള ഗാലറിയിൽ നിന്ന് ഉമ തോമസ് വീണത്. എം.എൽ.എ വേദിയിൽ നിന്ന് വീണിട്ടും നൃത്ത പരിപാടി നിറുത്തിവയ്ക്കാതിരുന്നതിന് സംഘാടകരെ ഹൈക്കോടതി വിമർശിച്ചിരുന്നു.