
കൊച്ചി: ഹൈക്കോടതി ജംഗ്ഷനിൽ പാർക്ക് ചെയ്ത 3.25 ലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷണം പോയി. 2023 മോഡൽ റോയൽ എൻഫീൽഡ് ഹിമാലയ ബൈക്കാണ് കടത്തിയത്.
പൂഞ്ചിൽ കരസേനാ ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ സരസ്വതിവിലാസത്തിൽ വൈശാഖ് വേണുവാണ് ഇന്നലെ രാവിലെ 10.30ന് ജംഗ്ഷനടുത്ത നടപ്പാതയ്ക്ക് സമീപം ബൈക്ക് പാർക്ക് ചെയ്തത്. വൈശാഖിന്റെ സുഹൃത്തും ചെങ്ങന്നൂരിലെ പെട്രോൾ പമ്പ് മാനേജരുമായ ജ്യോതി ജോണിന്റെതാണ് ബൈക്ക്.
എറണാകുളത്തെ ക്ലിനിക്കിൽ ഡോക്ടറെ കാണാൻ സഹോദരനൊപ്പം ബൈക്കിൽ എത്തിയതായിരുന്നു വൈശാഖ്. ഉച്ചയ്ക്ക് 2.30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം പോയതറിയുന്നത്. എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി.
ഹെൽമറ്റ് ധരിച്ച മോഷ്ടാവ് ബൈക്കുമായി ഹൈക്കോർട്ട് ജംഗ്ഷനടുത്ത പള്ളിക്ക് സമീപം വരെയെത്തുന്ന ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. അടുത്തകാലത്തായി മറൈൻ ഡ്രൈവ്, പാർക്ക് അവന്യു റോഡ് ഭാഗങ്ങളിൽ നിന്ന് നിരവധി ഇരുചക്ര വാഹനങ്ങൾ കടത്തിക്കൊണ്ട് പോയിട്ടുണ്ട്.