കൊച്ചി: വിശ്വമാനവികതയുടെ പ്രവാചകൻ ശ്രീനാരായണഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. മുഴുവൻ എസ്.എൻ.ഡി.പി യോഗം യൂണിയൻ, ശാഖ, കുടുംബ യോഗങ്ങളിലും ആലുവ അദ്വൈതാശ്രമം, എറണാകുളം ശങ്കരാനന്ദാശ്രമം, എരൂർ നരസിംഹാശ്രമം, ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രം, മൂത്തകുന്നം ശ്രീനാരായണ മംഗലക്ഷേത്രം, ചെറായി ഗൗരീശ്വര ക്ഷേത്രം, പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രം, കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു. വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും അതിരാവിലെ മുതൽ ഗുരുപൂജ, ഗുരുദേവ കൃതികളുടെ ആലാപനം, സമൂഹപ്രാർത്ഥന, ഉപവാസം, മഹാസമാധി പ്രാർത്ഥന, കഞ്ഞിവിതരണം തുടങ്ങിയ ചടങ്ങുകളും വൈകിട്ട് ദീപാരാധനയും നടന്നു. കണയന്നൂർ, കൊച്ചി, കുന്നത്തുനാട്, ആലുവ, പറവൂർ, തലയോലപ്പറമ്പ്, മൂവാറ്റുപുഴ, കോതമംഗലം, കൂത്താട്ടുകുളം യൂണിയനുകളുടെ ആസ്ഥാനത്തും യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രത്യേക ഗുരുപൂജയും പ്രാർത്ഥനകളും നടത്തി.
എസ്.എൻ.ഡി.പി. യോഗം പൂത്തോട്ട ശാഖ സംഘടിപ്പിച്ച ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം കണയന്നൂർ എസ്.എൻ.ഡി.പി. യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ്, ശാഖാ യോഗം പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണൻ, അഡ്‌വൈസർ ഇ.എൻ.മണിയപ്പൻ, സെക്രട്ടറി കെ.കെ. അരുൺകാന്ത്, വൈസ് പ്രസിഡന്റ് അനില , യൂണിയൻ കമ്മറ്റി അംഗം അഭിലാഷ് കൊല്ലംപറമ്പിൽ, കമ്മിറ്റി അംഗങ്ങൾ പ്രംസംഗിച്ചു. സുനിൽ പള്ളിക്കൽ ഗുരുദർശന സാധനായജ്ഞം നയിച്ചു, ടി.ഇ.പരമേശ്വരൻ പ്രഭാഷണവും നടത്തി. മഹാസമാധി പൂജയ്ക്ക് ക്ഷേത്രം ശാന്തി പി.പി. സജീവൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ മഹാസമാധി പൂജ നടത്തി.