
കോതമംഗലം: കുറ്റകൃത്യങ്ങളുടെ ഭവിഷ്യത്തുകളെക്കുറിച്ച് ധാരണയുണ്ടെങ്കിൽ പലരും തെറ്റുകളിലേക്ക് തിരിയില്ലെന്നും സമൂഹത്തിൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധം അനിവാര്യമാണെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. സുധ പറഞ്ഞു. മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച 'ഹൃദയവാതിൽ തുറക്കുമ്പോൾ' എന്ന പരിശീലന പദ്ധതിയും 'എന്റെ മാമലക്കണ്ടം' തുടർപദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്‌കൂൾ വിദ്യാർഥികൾ നിർബന്ധമായും പോക്‌സോ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ജില്ലാ ജഡ്ജി അനിൽ കെ. ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളുകൾക്കുള്ള പഠനോപകരണ വിതരണം സബ് ജഡ്ജി ആർ. രജിത നിർവഹിച്ചു. ജീവിത നൈപുണ്യ, നിയമ ബോധവത്കരണ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകൾക്കുള്ള ഇൻവെർട്ടർ വിതരണം ജസ്റ്റിസ് ഹണി എം. വർഗീസ് നിർവഹിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിനിമാ സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ, ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് ജി. പത്മകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കൈയൻ, സൽമ പരീത്, കെ.കെ. ദാനി, കെ.കെ. ഗോപി, ശ്രീജ ബിജു, കെ.എസ്. സിനി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.