പെരുമ്പാവൂർ: അങ്കമാലി - ശബരി റെയിൽവേ പാത യാഥാർത്ഥ്യമാകുമോ എന്നത് വീണ്ടും അനിശ്ചിതത്വത്തിൽ. ഒന്നിനുപുറകെ ഒന്നായി പുതിയ ഉപാധികൾ സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന സാഹചര്യത്തിൽ റെയിൽ പാതയുടെ തുടർനടപടികളൊന്നും നിലവിൽ നടക്കില്ലെന്ന് ഉറപ്പായി. കാലടി മുതൽ രാമപുരം വരെ പദ്ധതിക്കായി തിരിച്ച 70 കിലോമീറ്റർ അളന്ന് തിരിച്ചു കല്ലിട്ടിട്ട് 27 വർഷമായിട്ടും ഭൂവുടമകളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്. ആവശ്യമായ ഭൂമി സംസ്ഥാനം ഏറ്റെടുത്താൽ പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് റെയിൽവേ ആവർത്തിക്കുമ്പോൾ ഏറ്റെടുക്കൽ ചെലവിന്റെ പകുതി മാത്രംവഹിക്കാമെന്ന സംസ്ഥാനസർക്കാരിന്റെ പുതിയ നിർദ്ദേശമാണ് പദ്ധതി നടപ്പാക്കുന്നതിന് തടസമായിരിക്കുന്നത്. ഈ തുക സംസ്ഥാനത്തിന്റെ മൊത്തം സ്ഥലം ഏറ്റെടുക്കാനുള്ള പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നതെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. ഭൂമി ഏറ്റെടുത്ത് കൊടുക്കാമെന്നുള്ള മുമ്പുണ്ടാക്കിയ കരാറിൽ നിന്ന് സംസ്ഥാന സർക്കാർ പുതിയ നിബന്ധന വച്ചതോടെ ശബരി റെയിൽ പാത യാഥാർത്ഥ്യമാകുവാനുള്ള സാദ്ധ്യത വീണ്ടും മങ്ങിയിരിക്കുകയാണ്. അതേസമയം ചെലവിന്റെ പകുതി വഹിക്കാമെന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ പദ്ധതി മരവിപ്പിച്ച തീരുമാനം റെയിൽവേ പുന:പരിശോധിക്കില്ല എന്നാണറിയുന്നത്.

ശബരി റെയിൽവേ ചർച്ച

ചെയ്യാതെ അയ്യപ്പസംഗമം

ശബരി റെയിൽവേ പാതയെക്കുറിച്ചുള്ള ചർച്ച ഇല്ലാതെയുള്ള ആഗോള അയ്യപ്പ സംഗമം തന്നെ അപ്രസക്തമായിപ്പോയി എന്ന് ശബരി റെയിൽ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെസറേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. 1997 ൽ അനുവദിച്ച അങ്കമാലി - ശബരി റെയിൽവേ നിർമ്മിക്കുന്നതിനെക്കുറിച്ചും പദ്ധതിയ്ക്ക് വേണ്ടി സ്ഥലമെടുത്ത് കൊടുക്കുന്നതിനെക്കുറിച്ചുമുള്ള തീരുമാനം അയ്യപ്പസംഗമത്തിൽ ചർച്ചയാകും എന്നാണ് കരുതിയത്. എന്നാൽ അയ്യപ്പസംഗമത്തിൽ ഒരു ചർച്ചയും ഉണ്ടാകാതിരുന്നത് സംസ്ഥാന സർക്കാറിന് ഇക്കാര്യത്തിലുള്ള താല്പര്യക്കുറവാണ് വ്യക്തമാക്കുന്നതെന്നും ഫെഡറേഷൻ ഭാരവാഹികൾ പറയുന്നു.

ജൂലൈയിൽ ശബരി റെയിൽവേയ്ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് തുടങ്ങുമെന്ന് മുഖ്യമന്ത്രിയും സംസ്ഥാന റെയിൽവേ മന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ടതിന് ശേഷം പ്രഖ്യാപിച്ചെങ്കിലും നടപടികൾഇതുവരെ ആരംഭിച്ചിട്ടില്ല. പെരുമ്പാവൂർ, മുവാറ്റുപുഴ , തൊടുപുഴ, പാലാ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സ്ഥലമെടുപ്പ് ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികളും തുടങ്ങിയിട്ടില്ല.

264 കോടി രൂപ ചെലവഴിച്ച് അങ്കമാലി മുതൽ കാലടി വരെ നിർമ്മിച്ച റെയിൽവേ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ ദൈർഘ്യമുള്ള പെരിയാർ റെയിൽവേ പാലവും ഉപയോഗ ശൂന്യമായി കിടക്കുന്നു.

70 കിലോമീറ്റർ ദൂരത്തിൽ നിർദിഷ്ട രാമപുരം റെയിൽവേ സ്റ്റേഷൻ വരെ കല്ലിട്ട് തിരിക്കുകയും തൊടുപുഴ സ്റ്റേഷൻ വരെ സാമൂഹ്യ ആഘാത പഠനം നടത്തുകയും ചെയ്തിട്ടുണ്ട്.