
കോലഞ്ചേരി: ട്വന്റി20 പാർട്ടി പൂതൃക്ക പഞ്ചായത്ത് കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ പൂതൃക്ക പഞ്ചായത്തിൽ ഒരു കമ്മിറ്റി പോലും ഇല്ലാതിരുന്നിട്ടും 34 ശതമാനം വോട്ടാണ് ട്വന്റി20പാർട്ടി സ്ഥാനാർത്ഥി നേടിയത്. കുന്നത്ത്‌നാട് നിയോജകണ്ഡലത്തിൽ ട്വന്റി20 പാർട്ടി സ്ഥാനാർത്ഥിക്ക് ഏറ്റവും കൂടുതൽ വോട്ടു നൽകിയ പഞ്ചായത്തായിരുന്നു പൂതൃക്ക പഞ്ചായത്തെന്നും അദ്ദേഹം പറഞ്ഞു. റോഡുകൾ നന്നാക്കുന്നതിനും വൈദ്യുതിവത്കരണം നടപ്പിലാക്കുന്നതിനുമപ്പുറം ജനങ്ങളുടെ സാമൂഹ്യപരമായ വികസനമാണ് ട്വന്റി20 പാർട്ടി ഭരിക്കുന്ന മുഴുവൻ പഞ്ചായത്തുകളിലും നടപ്പിലാക്കിയതെന്നും സാബു എം. ജേക്കബ്ബ് പറഞ്ഞു.
ഒക്ടോബർ അഞ്ചിന് കുന്നത്ത്‌നാട് നിയോജകമണ്ഡലത്തിലെ മുഴുവൻ ഭാരവാഹികളുടെയും യോഗം കോലഞ്ചേരി ഹിൽടോപ് കൺവെൻഷൻ സെന്ററിൽ ചേരുമെന്നും സാബു എം. ജേക്കബ്ബ് പറഞ്ഞു. കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയംഗം പി.കെ ജോർജ്ജ്, ജില്ലാ കോ ഓർഡിനേറ്റർ പി.വൈ. അബ്രാഹം, പാർട്ടി വൈസ് പ്രസിഡന്റ് വി. ഗോപകുമാർ, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പർ അഡ്വ. ചാർളി പോൾ, പാർട്ടി കുന്നത്ത് നാട് നിയോജകമണ്ഡലം പ്രസിഡന്റ് ജിബി എബ്രാഹം, നിയോജക മണ്ഡലം കമ്മിറ്റിയംഗം ബിനു പീറ്റർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായ 720 പേർ കൺവെൻഷനിൽ പങ്കെടുത്തു.