padam
എക്കോ ഇന്ത്യ 2025യുടെ സമാപനദിനത്തിൽ ചെന്നൈ കെ.എസ് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ ഷണ്മുഖസുന്ദരം സോമസുന്ദരം പ്രഭാഷണം നടത്തുന്നു

കൊച്ചി: നാല് ദിവസമായി കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടന്ന ഇന്ത്യൻ അക്കാഡമി ഒഫ് എക്കോകാർഡിയോഗ്രഫിയുടെ (ഐ.എ.ഇ) ദേശീയ വാർഷിക സമ്മേളനം 'എക്കോ ഇന്ത്യ 2025" സമാപിച്ചു. വാൽവുലർ ഹൃദ്രോഗം എക്കോ സഹായത്തോടെ ശസ്ത്രക്രിയ ചെയ്യാതെ പരിഹരിക്കുന്നതുൾപ്പെടെയുള്ള സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ സമ്മേളനം ചർച്ച ചെയ്തു. ഇന്നലെ ചെന്നൈ കെ.എസ് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. ഷണ്മുഖസുന്ദരം സോമസുന്ദരം 'കൊറോണറി ആർട്ടറി ബ്ലോക് മൂലമുള്ള മിട്രൽ വാൽവ് ലീക്ക്" എന്ന വിഷയത്തിൽ നടേശ പാണ്ഡ്യൻ സ്മാരക പ്രഭാഷണം നടത്തി. സങ്കീർണമായ 300ലേറെ കേസ് സ്റ്റഡികൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. 100ലേറെ വിദഗ്ദ്ധരുടെ പ്രഭാഷണങ്ങളും ഹൃദ്രോഗചികിത്സാ രംഗത്ത് നിർണായകമായ കാർഡിയോവസ്കുലാർ ഇമേജിംഗിലെയും എക്കോകാർഡിയോഗ്രാഫിയിലെയും നൂതന കണ്ടുപിടിത്തങ്ങളുടെ അവതരണവും നടന്നു. ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരത്തിന് മലയാളിയായ ഡോ. കപിൽ രാജേന്ദ്രൻ അർഹനായി. പതിനഞ്ചിലേറെ വിദേശ ഡോക്ടർമാരുൾപ്പെടെ 1500ഓളം ഡോക്ടർമാർ പങ്കെടുത്തു.