തിരുവാണിയൂർ : തിരുവാണിയൂരിൽ പ്രതിഷേധ പ്രകടനത്തിനിടെ ട്വന്റി 20 പ്രവർത്തകർക്ക് മർദ്ദനമേറ്റു. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ട്വന്റി 20 ആരോപിച്ചു.
തിരുവാണിയൂർ വണ്ടിപേട്ട കേന്ദ്രീകരിച്ച് ഇന്നലെ വൈകിട്ട് ട്വന്റി20യുടെ നേതൃത്വത്തിൽ പ്രവർത്തകർ വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തുമ്പോഴായിരുന്നു സംഭവം. സി.പി.എം നടപടികളിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ഇതിനിടെ പൊലീസിന്റെ വലയം ഭേദിച്ച് പ്രകടനത്തിലേക്ക് കടന്നുകയറിയായിരുന്നു മർദ്ദനം.
പരുക്കേറ്റ ഏഴ് ട്വന്റി 20 പ്രവർത്തകരെ പഴങ്ങനാട് സമരിറ്റിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകർ മദ്യപിച്ചിരുന്നതായും തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമണം നടന്നതെന്നും ട്വന്റി 20 ആരോപിച്ചു.
തിരുവാണിയൂരിലെ ഭൂരിഭാഗം ജനങ്ങളും ട്വന്റി 20യ്ക്ക് കീഴിൽ അണിനിരക്കുന്നതാണ് പ്രകോപനത്തിന് കാരണമെന്നും തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം മുന്നിൽ കണ്ടാണ് ആക്രമണമെന്നും ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബ് ആരോപിച്ചു. ഗുണ്ടായിസത്തിന് മുന്നിൽ പാർട്ടിയും പ്രവർത്തകരും അടിയറ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.