കൊച്ചി: ''ജോർജ്ജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും. പേടിക്കേണ്ട, കാണാം..."" ദൃശ്യം മൂന്ന് സിനിമയുടെ ആകാംക്ഷ ചിരിയിലൊതുക്കി മോഹൻലാൽ. നാലു വർഷത്തെ ഇടവേളയ്‌ക്കു ശേഷം ജോർജ്ജുകുട്ടിയും കുടുംബവും വീണ്ടും തിരശീലയിലെത്തുന്ന സിനിമയുടെ ചിത്രീകരണം പൂത്തോട്ടയിൽ ആരംഭിച്ചു.
പൂത്തോട്ട ശ്രീനാരായണ ലാ കോളേജിലെ പൂജയിൽ പങ്കെടുത്ത ശേഷം ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം സ്വീകരിക്കാൻ മോഹൻലാൽ ഡൽഹിക്ക് തിരിച്ചു.
''ദൃശ്യം മൂന്ന് ചിത്രീകരണം തുടങ്ങുകയാണ്. ഒരു തടസവും കൂടാതെ ഷൂട്ടിംഗ് നടക്കണേ, ചിത്രം വലിയ സൂപ്പർഹിറ്റായി മാറണേ എന്നാണ് ഓരോ പൂജാചടങ്ങിലും പ്രാർത്ഥിക്കുന്നത്. ഇന്നും പ്രാർത്ഥിച്ചു. ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നും പ്രേക്ഷകർ മനസിലേറ്റി നടക്കട്ടെ. ആകാംക്ഷയാണ് ദൃശ്യത്തിന്റെ സവിശേഷത. കഥ പറയല്ലേയെന്ന് സംവിധായകൻ പറഞ്ഞതിനാൽ പറ്റില്ല"" എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
ജോർജ്ജുകുട്ടിയിൽ നാലു വർഷത്തിനിടെയുണ്ടായ മാറ്റങ്ങളാണ് ദൃശ്യം മൂന്നിൽ ആവിഷ്‌കരിക്കുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് . 55 ദിവസമാണ് ഭാഗ്യലൊക്കേഷനായ തൊടുപുഴയിലുൾപ്പെടെ ചിത്രീകരണം.
ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച സമയത്ത് ചിത്രീകരണം ആരംഭിക്കുന്നത് സന്തോഷകരമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ശ്രീനാരായണ ലാ കോളേജിലെ മൂട്ട് കോർട്ട് ഹാളിലായിരുന്നു ഷൂട്ടിംഗ്. ഇർഷാദ് അലി,ശാന്തി മായാദേവി,ഷാജി നടേശൻ തുടങ്ങിയവർ അഭിനയിക്കുന്ന കോടതി രംഗങ്ങളാണ് ചിത്രീകരിച്ചത്. രാവിലെ ആരംഭിച്ച ഷൂട്ടിംഗ് രാത്രി വരെ തുടർന്നു.