കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരം വൃത്തിഹീനമായി തുടരുന്നതിൽ ദേവസ്വം ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വംബോർഡ് മരാമത്ത് വിഭാഗം എക്സിക്യുട്ടിവ് എൻജിനിയർ കെ.കെ. മനോജ്‌കുമാർ, ചോറ്റാനിക്കര ദേവസ്വം അസിസ്റ്റന്റ് എൻജിനിയർ പി.എസ്. പ്രശാന്ത് എന്നിവർ ബുധനാഴ്ച ഹാജരാകണമെന്നാണ് നിർദ്ദേശം. ഇവരേയും സംസ്ഥാന ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടറേയും കക്ഷിചേർക്കുകയും ചെയ്തു. ചോറ്റാനിക്കര ക്ഷേത്രപരിസരം മലീമസമാണെന്ന പരാതിയിൽ സ്വമേധയാ എടുത്ത ഹർജിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് പരിഗണിച്ചത്.

ക്ഷേത്രപരിപാലനത്തിലും ശുചീകരണത്തിലും ഗുരുതരമായ വീഴ്ചകൾ കോടതി നേരത്തേ കണ്ടെത്തിയിരുന്നു. അടുക്കളയിലടക്കം അഴുക്കും മാലിന്യവും കെട്ടിക്കിടക്കുന്ന ദൃശ്യങ്ങളും പരിശോധിച്ചു. ശുചീകരണത്തിൽ സമ്പൂർണ ഉപേക്ഷയാണെന്നും വിജിലൻസ് വിഭാഗം കണ്ണടയ്ക്കുന്നത് സംശയകരമാണെന്നും വിലയിരുത്തുകയും ചെയ്തു.

നവകേരളം കർമ്മപദ്ധതി ജില്ലാ കോഓർ‌ഡിനേറ്റർ മാർച്ച് 11ന് അയച്ച കത്തിലെ മിക്ക നിർദ്ദേശങ്ങളും ചോറ്റാനിക്കര ദേവസ്വം പാലിച്ചിട്ടില്ലെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും തരംതിരിച്ച് സംഭരിക്കണമെന്നും മലിനജല ശുചീകരണപ്ലാന്റും ഇൻസിനറേറ്ററും സ്ഥാപിക്കണമെന്നും മറ്റുമുള്ള നിർദ്ദേശങ്ങളാണ് അവഗണിച്ചത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി, പ്രശ്നപരിഹാരത്തിന് സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ കോടതി ഉത്തരവിട്ടത്.